Friday, July 2, 2010


കാമ്പസിനകത്ത്എസ്.എഫ്.ഐയുടെ ഫാഷിസം നടപ്പിലാക്കാന്‍ സി.പി.എം പോലീസിനെ ഉപയോഗപ്പെടുത്തുന്നു: എസ്.ഐ.ഒ

തൃശൂര്‍: കാമ്പസിനകത്ത് എസ്.എഫ്.ഐയുടെ ഫാഷിസം നടപ്പിലാക്കാന്‍ സി.പി.എം പോലീസിനെ ഉപയോഗപ്പെടുത്തുകയാണെന്ന് എസ്.ഐ.ഒ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജൂണ്‍ 21ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തൃശൂരിലെത്തിയ കേരള കാമ്പസ് കാരവന് തൃശൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികള്‍ നല്‍കിയ സ്വീകരണ യോഗത്തിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് അടക്കം നിരവധി പേരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കുപറ്റിയ 8 പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പി.എം സാലിഹ്, ശഫീഖ് കൊടിഞ്ഞി, ശാഹിദ് എടപ്പാള്‍, റാഷിദ് വടകര, അഫ്‌സല്‍ മതിലകം, അംജദ് അലി പെരുമ്പിലാവ്, അംഹര്‍ ചെന്ത്രാപിന്നി, ആഖില്‍ തൃശൂര്‍, അനീസ് ഓവുങ്ങല്‍ എന്നിവരെയാണ് തൃശൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. പരിക്കുപറ്റിയ എസ്.ഐ.ഒ പ്രവര്‍ത്തകരെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ പോലീസ് വിസമ്മതിച്ചു. എസ്.എഫ്.ഐ തിട്ടൂരത്തിനനുസരിച്ച് പോലീസ് ഒത്തുകളിച്ചതാണ് സമാധാനപരമായി നടത്തിയ പരിപാടിയെ കൂടുതല്‍ സംഘര്‍ഷത്തിലെത്തിച്ചത്. പോലീസ് എസ്.ഐ.ഒ നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പ്രകോപനപരമായ സമീപനം സ്വീകരിക്കുകയും അജ്ഞാതമായ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ കാമ്പസുകളില്‍ പാര്‍ട്ടിജന്മിത്തവും അക്രമരാഷ്ട്രീയവും അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ എസ്.എഫ്.ഐ മ്യൂസിയത്തിലെ വിപ്ലവമായി പരിണമിക്കുമെന്നും എസ്.ഐ.ഒ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ ശിഹാബ് പൂക്കോട്ടൂര്‍ (സെക്രട്ടറി, എസ്.ഐ.ഒ കേരള), യു ഷൈജു (സെക്രട്ടറി, എസ്.ഐ.ഒ കേരള), കെ സാദിഖ് (സംസ്ഥാന സമിതിയംഗം), അതീഖ് റഹ്മാന്‍ (വൈസ് പ്രസിഡണ്ട്, എസ്.ഐ.ഒ തൃശൂര്‍ ജില്ല) എന്നിവര്‍ പങ്കെടുത്തു

more photos http://picasaweb.google.co.in/siokerala/SFIAttack02#

കോഴിക്കോട്: ഞങ്ങള്‍ക്ക് ആധിപത്യമുള്ള കാമ്പസില്‍ ഞങ്ങള്‍ മതി, മറ്റൊരു സംഘടനയുടെ പ്രവര്‍ത്തനവും പാടില്ല, മറ്റാരും ബോര്‍ഡും ബാനറും വെക്കരുത്, നോട്ടീസും മെമ്പര്‍ഷിപ്പ് കാര്‍ഡും വിതരണം ചെയ്യരുത്, യോഗം ചേരരുത്, ആശയം പ്രചരിപ്പിക്കരുത്, ഇലക്ഷനില്‍ മത്സരിക്കരുത്. ജനാധിപത്യ കേരളത്തിലെ കാമ്പസുകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഏകാധിപത്യ ജന്മിത്വ സംസ്‌കാരത്തിന്റെ നേര്‍കാഴ്ച്ചകളാണ് മുകളില്‍ സൂചിപ്പിച്ചത്. വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ പേരില്‍ അക്രമരാഷ്ട്രീയവും ക്രിമിനലിസവും അരങ്ങുവാഴുന്ന കേരള കാമ്പസുകളില്‍ ഐക്യാഹ്വാനം തീര്‍ത്തുകൊണ്ട് എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് നയിക്കുന്ന കേരള കാമ്പസ് കാരവന്‍ കാമ്പസുകളിലൂടെ മുന്നേറുകയാണ്. കാമ്പസുകളിലെ മതേതര ഭീകരതയെ തുറന്നുകാട്ടുക, ജമാധിപത്യ കാമ്പസിന് വിദ്യാര്‍ഥികളെ അണിനിരത്തുക, പുതിയകാല വിദ്യാര്‍ഥിരാഷ്ട്രീയത്തെയും ജനകീയ മുന്നേറ്റങ്ങളെയും പിന്തുണക്കുക, അക്രമ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സംവാദത്തിന്റെയും സഹിഷ്ണുതയുടെയും സംസ്‌കാരം പരിചയപ്പെടുത്തുക, വിദ്യാര്‍ഥികളെയും കാമ്പസുകളെയും അരാഷ്ട്രീയ വല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചെറുക്കുക, വിദ്യാര്‍ഥികളില്‍ സേവന സംസ്‌കാരം പ്രചരിപ്പിക്കുക, അക്കാദമിക മുന്നേറ്റത്തിനു ആഹ്വാനം ചെയ്യുക തുടങ്ങിയവയാണ് കാരവന്റെ പൊതുവായ ലക്ഷ്യങ്ങള്‍. മതദര്‍ശനത്തിന്റെ പിന്‍ബലമുള്ള പ്രസ്ഥാനങ്ങളെ വര്‍ഗീയമെന്നും അരാഷ്ട്രീയമെന്നും മുദ്രകുത്തി അക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന മതേതര നാട്യ സംഘടനകളുടെ ശ്രമങ്ങള്‍ കാമ്പസുകളെ വര്‍ഗീയതയിലേക്കും വിഭാഗീയതയിലേക്കും നയിക്കുമെന്ന് കാരവന്‍ ഓര്‍മപ്പെടുത്തുന്നു. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാനുള്ള മതത്തിന്റെ ശേഷിയെക്കുറിച്ചുള്ള സംവാദങ്ങള്‍ കാരവന്‍ ഉയര്‍ത്തുന്നു. തികഞ്ഞ ബഹുസ്വരത നിലനില്‍ക്കുന്ന കാമ്പസുകളില്‍ എല്ലാ മതക്കാര്‍ക്കും സംഘടനകള്‍ക്കും ആശയക്കാര്‍ക്കും പ്രവര്‍ത്തിക്കാനും ആശയം കൈമാറാനും സഹിഷ്ണുതയോടും സഹവര്‍ത്തിത്തത്തോടെയും സഹവസിക്കാനുമാണ് കാരവന്‍ ആഹ്വാനം ചെയ്യുന്നത്.

ജൂണ്‍ 21 ന് കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാരംഭിച്ച കാരവന്‍ മലപ്പുറം ജില്ലയിലടക്കം പര്യടനം പൂര്‍ത്തിയാക്കി. ‘കാമ്പസ് മാനിഫെസ്റ്റോ ഫോര്‍ എ ന്യൂ വീ’ എന്ന ആശയം കമ്പസുകളുടെ പൊതുമുദ്രാവാക്യമായി മാറുകയാണ്. കാമ്പസുകളില്‍ ഏകാധിപത്യ ജന്‍മിത്വ പ്രവണതകള്‍ക്കെതിരെ ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള ആഹ്വാനമാണ് കാരവന്‍ മുഴക്കുന്നത്. കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, ശറഫ് കോളേജ് പടന്ന, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്, കൃഷ്ണമേനോന്‍ മെമ്മോറിയല്‍ കോളേജ് കണ്ണൂര്‍, ബ്രണ്ണന്‍ കോളേജ് തലശ്ശേരി, ഗവ. കോളേജ് മടപ്പള്ളി, സി.കെ.ജി മെമ്മോറിയല്‍ പേരാമ്പ്ര, സെന്റ് മേരീസ് കോളേജ് ബത്തേരി, ഡബ്ല്യു.എം.ഒ കോളേജ് മുട്ടില്‍, എം.എ.എം.ഒ കോളേജ് മണാശ്ശരി, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ജെ.ഡി.ടി, ലോ കോളേജ് കോഴിക്കോട്, ഫാറൂഖ് കോളേജ്, പി.എസ്.എം.ഒ കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, സുല്ലമുസ്സലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അരീക്കോട്, അല്‍ ജാമിഅ ശാന്തപുരം തുടങ്ങിയ കാമ്പസുകളില്‍ കാരവന് വന്‍സ്വീകരണം ലഭിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ സംബന്ധിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മൈക്കിള്‍ തരകന്‍ കാരവന്‍ മുദ്രാവാക്യമായ ‘കാമ്പസ് മാനഫെസ്റ്റോ ഫോര്‍ എ ന്യൂ വീ’ എന്നത് കാമ്പസില്‍ വിദ്യാര്‍ഥികളെ ഒന്നിപ്പിക്കുന്നതിനുള്ള ശക്തമായ മുദ്രാവാക്യമാണെന്ന് അഭിപ്രായപ്പെട്ടു. കാമ്പസുകളിലെ വിവിധ സംഘടനാ നേതാക്കള്‍ കാരവനെ അഭിവാദ്യം ചെയ്തു. അതേസമയം, കണ്ണൂര്‍ സര്‍ സയ്യിദ് കോളേജില്‍ എം.എസ്.എഫും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലും, മടപ്പള്ളി കോളേജിലും എസ്.എഫ്.ഐയും കാരവന്‍ അലങ്കോലപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. നിരവധി വാഹനങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് കാമ്പസുകളിലേക്ക് കാരവന്‍ നയിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ബഹുജനങ്ങള്‍ അണിനിരന്ന ഘോഷയാത്രയും നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയുമാണ് ഓരോ ദിവസത്തെയും പൊതുസമ്മേളനത്തിലേക്ക് കാരവന്‍ ആനയിക്കപ്പെട്ടത്. പയ്യന്നൂര്‍, കുറ്റിയാടി, കല്‍പറ്റ, രാമനാട്ടുകര, മഞ്ചേരി എന്നിവിടങ്ങളില്‍ നടന്ന പൊതുസമ്മേളനങ്ങളില്‍ പ്രമുഖര്‍ പങ്കെടുത്തു.

എസ്.ഐ.ഒ സംവേദനവേദി അവതരിപ്പിക്കുന്ന ‘കേരള കാമ്പസ് കഫെ’ എന്ന തെരുവ് നാടകം സമകാലിക കാമ്പസുകള്‍ക്ക് ദിശ നല്‍കുന്നതാണ്. മതേതര ഭീകരതയും വര്‍ഗ്ഗീയതയും നട്ടുവളര്‍ത്തി കാമ്പസുകളെ ജനാധിപത്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റിയ ജന്‍മിത്വ രാഷ്ട്രീയ സംസ്‌കാരത്തെ തൂത്തെറിയാന്‍ കേരള കാമ്പസുകള്‍ക്ക് ദിശയും ധൈര്യവും നല്‍കുന്നതാണ് കേരള കാമ്പസ് കാരവന്‍. കാമ്പസുകളില്‍ സഹിഷ്ണുതയുടെയും സംവാദത്തിന്റെയും പുതിയ ജനാധിപത്യ സംസ്‌കാരത്തിന് വഴിതെളിയിച്ച് ജൂലൈ 6ന് യൂണിവേഴ്‌സിറ്റി കോളേജില്‍ സമാപിക്കുന്ന കാരവന്‍ കേരള വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കും






കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി Campus Manifesto for a new ‘WE’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് നയിക്കുന്ന കേരള കാമ്പസ് കാരവന്‍ കാസര്‍ഗോഡ് എൽ‍.ബി.എസ് കോളേജ് പരിസരത്തുനിന്നും ഉജ്ജ്വല തുടക്കം. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി പതാക എസ്.ഐ.ഒ പ്രസിഡണ്ടിന് കൈമാറി. എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡണ്ട് കെ.കെ സുഹൈല്‍ കാരവന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ ട്രഷറര്‍ എന്‍.എ നെല്ലിക്കുത്ത്, സാഹിത്യകാരന്‍ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, സാഹിത്യവേദി പ്രസിഡണ്ട് പി.എ അഹ്മദ്, സോളിഡാരിറ്റി ജന: സെക്രട്ടറി പി.ഐ നൗഷാദ്, എസ്.ഐ.ഒ ജന: സെക്രട്ടറി എസ്. ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. കാരവന്‍ നാലാം ദിസവത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നിരവധി കാമ്പസുകളില്‍ ഉജ്ജ്വല സ്വീകരണമാണ് കാരവന് ലഭിച്ചത്. കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്, ശറഫ് കോളേജ് പടന്ന, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്, ബ്രണ്ണന്‍ കോളേജ് തലശ്ശേരി, കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജ് കണ്ണൂർ‍, മടപ്പള്ളി ഗവ: കോളേജ്, സി.കെ.ജി മെമ്മോറിയല്‍ കോളേജ് പേരാമ്പ്ര, സെന്റ് മേരീസ് കോളേജ് ബത്തേരി, ഡബ്ല്യ.എം.ഒ കോളേജ് മുട്ടിൽ‍, എം.എ.എം.ഒ കോളേജ് മണശ്ശേരി, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ലോ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ കാരവന് സ്വീകരണം ലഭിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും മടപ്പള്ളി കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകരും സര്‍ സയ്യിദ് കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തകരും കൈയ്യേറ്റം ചെയ്യാനും അലങ്കോലപ്പെടുത്താനും ശ്രമിച്ചു. കോഴിക്കോട് ലോ കോളേജില്‍ പോലീസ് ജാഥ തടഞ്ഞുവെച്ചു. പയ്യന്നൂർ‍, കുറ്റിയാടി, കല്‍പറ്റ എന്നിവിടങ്ങളില്‍ പൊതുസമ്മേളനം നടന്നു. കുറ്റിയാടിയിലെ സ്വീകരണ പരിപാടിയില്‍ ഘോഷയാത്ര, ചെണ്ടമേളം, പ്ലോട്ടുകള്‍ എന്നിവയടക്കം സ്ത്രീകളടങ്ങുന്ന വന്‍ ജനാവലി പങ്കെടുത്തു. കേരള കാരവന്‍ സംഘം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി ഡോക്ടര്‍ മൈകിള്‍ തരകനുമായി കൂടിക്കാഴ്ച നടത്തി. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാംഗം ടി.കെ അബ്ദുള്ള സാഹിബിനെ വീട്ടില്‍ ചെന്നു സന്ദര്‍ശിച്ച് ഉപഹാരം കൈമാറി

Friday, June 18, 2010

എസ്.ഐ.ഒ കേരള കാമ്പസ് കാരവന്‍ 21ന് ആരംഭിക്കും.

കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ്പി.എം സാലിഹ് നയിക്കുന്ന 'കേരള കാമ്പസ് കാരവന്‍' ഈ മാസം 21ന് കാസര്‍ഗോഡ് പൌവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡന്റ് കെ.കെ സുഹൈലില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റിന് പതാക കൈമാറി ആരംഭം കുറിക്കും. കാമ്പസിലെ മതേതര ഭീകരതയെ തുറന്നുകാട്ടുക, ജനാധിപത്യ കാമ്പസിന് വേണ്ടി വിദ്യാര്‍ഥികളെ അണിനിരത്തുക, പുതിയ കാല വിദ്യാര്‍ഥി രാഷ്ട്രീയത്തെ പിന്തുണക്കുക, വിദ്യാര്‍ഥികളില്‍ സേവന സംസ്കാരം പ്രചരിപ്പിക്കുക, അക്കാദമിക മുന്നേറ്റത്തിന് ആഹ്വാനം ചെയ്യുക തുടങ്ങിയവായണ് കാരവന്റെ ലക്ഷ്യങ്ങള്‍. 'കാമ്പസ് മാനിഫെസ്റോ ഫോര്‍ എ ന്യൂ വി' എന്നതാണ് കാരവന്റെ മുദ്രാവാക്യം. കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റികളിലും 55 കാമ്പസുകളിലും കാരവന് സ്വീകരണം നല്‍കും. കാമ്പസ് കാരവന്റെ ഭാഗമായി സംവേദന വേദി ഒരുക്കുന്ന 'കേരള കാമ്പസ് കഫെ' എന്ന തെരുവ് നാടകം അരങ്ങേറും. ഓരോ ദിവസവും പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന പൊതു സമ്മേളനങ്ങളില്‍ എസ്.ഐ.ഒവിന്റെ വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും സാമൂഹ്യപ്രവര്‍ത്തകരുംപങ്കെടുക്കും. ജൂലൈ 6ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കാരവന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനം നടക്കും. കാസര്‍ഗോഡ് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍.ടി ആരിഫലി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.ഐ നൌഷാദ്, കെ.എം അഹ്മദ്, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എന്‍.എം നെല്ലിക്കുത്ത്, സാഹിത്യകാരന്‍ ഇബ്രാഹിം ബേവിഞ്ച, മുരളി മാസ്റര്‍, അമ്പലപ്പുഴ കുഞ്ഞികൃഷ്ണന്‍, എസ്.ഇര്‍ഷാദ്, ശബീന ശര്‍ഖി തുടങ്ങിയവര്‍ പങ്കെടുക്കും.

Wednesday, June 9, 2010

കേരള കാമ്പസ് കാരവന്‍

കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന കാമ്പസ്ജാഥ കാസര്‍ഗോഡില്‍ നിന്നും ആരംഭിക്കും. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെയുള്ള ഏകദേശ കാമ്പസുകളിലും മുഴുവന്‍ യൂണിവേഴ്സിറ്റികളില്‍ പര്യടനം നടത്തുന്നതായിരിക്കും കേരള കാമ്പസ് കാരവന്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പരിസരത്തുനിന്നും ആരംഭിച്ച് ജൂലൈ 6ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കുന്ന രീതിയിലാണ് കാമ്പസ് ജാഥ ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന പരിപാടി മുതലുള്ള മുഴുവന്‍ സ്വീകരണ പരിപാടികളിലുമായി ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്ന പുതിയൊരു ഫ്ളാറ്റ് ഫോമിനുള്ള ശ്രമങ്ങളാണ് കേരളത്തിലെ കാമ്പസിന് ഇതിലൂടെ നല്‍കുന്നത്. എന്ന് ജാഥയുടെ തലവാചകമായി സ്വീകരിച്ചിട്ടുള്ളത് ഈ പുതിയ രാഷ്ട്രീയ സാധ്യതയെ കൂടുതല്‍ പരിചയപ്പെടുത്താന വേണ്ടിയാണ്. സാംസ്കാരിക നായകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യം കേരള കാമ്പസ് കാരവനില്‍ ഉണ്ടാവുന്നതാണ്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹാണ് കേരള കാമ്പസ് കാരവന്റെ ക്യപ്റ്റന്‍. കലാസംഘം ജാഥയെ അനുഗമിക്കുന്നതാണ്.



Tuesday, April 6, 2010

ഡിസംബര്‍ 11ന് എസ്.ഐ.ഒ സംസ്ഥാന സമ്മേളനം മൂന്ന് സ്ഥലങ്ങളില്‍


കോഴിക്കോട്: എസ്.ഐ.ഒവിന്റെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 11ന് തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഒരേസമയം നടക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയം നടക്കുന്ന സംസ്ഥന സമ്മേളനം എന്ന ഏറ്റവും പുതിയ രീതി ഇതിലൂടെ കേരളത്തിന് എസ്.ഐ.ഒ പരിചയപ്പെടുത്തും. ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടായിരിക്കും മൂന്ന് സ്ഥലങ്ങളിലും ഒരേസമയം സമ്മേളനം സംഘടിപ്പിക്കുന്നത്. ഏറെ സര്‍ഗാത്മകമായ സംഭാവനകള്‍ കേരളീയസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും നല്‍കിയ ഈ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മറ്റൊരു അതുല്യമായ സംഭാവനയായിരിക്കും ഈ അപൂര്‍വ്വ ശൈലിയിലുള്ള അതിന്റെ സമ്മേളനം. കോഴിക്കോട് കടപ്പുറത്തും തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ മൈതാനത്തും തിരുവനന്തപുരം ചന്ദ്രശേഖര്‍ സ്റേഡിയവുമായിരിക്കും കേരളത്തിലെ വിദ്യാര്‍ഥികളുടെ ചരിത്ര സംഗമത്തിന് സാക്ഷിയാവുക. മൂന്ന് സ്ഥലങ്ങളിലായി നടക്കുന്ന വിദ്യാര്‍ഥി റാലികളില്‍ അമ്പതിനായിരം പേരും സമ്മേളനത്തില്‍ ഒരുലക്ഷം പേരും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യാഥിതി തിരുവനന്തപുരത്തു നിന്നും ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ കോഴിക്കോട് നിന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് തൃശൂരില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനങ്ങളെ ഒരേസമയം അഭിസംബോധന ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ ക്രമത്തെ സമഗ്രമായി വിലയിരുത്തുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന എജ്യുക്കേഷന്‍ കോണ്‍ഗ്രസ്, കാമ്പസുകളില്‍ രൂപപ്പെടുന്ന നവരാഷ്ട്രീയ പ്രവണതകളെ പരിചയപ്പെടുത്തുന്ന സംഗമം, സംസ്ഥാന കാമ്പസ് ജാഥ, മാഗസിന്‍ പ്രകാശനം, മെഡിക്കല്‍ പൊതുവേദി പ്രഖ്യാപനം, ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്വല്‍, ഷോര്‍ട്ട് ഫിലിം പ്രകാശനം, ഗാന കാസറ്റ് പ്രകാശനം, ടീന്‍സ്മീറ്റ്, ഹയര്‍സെക്കണ്ടറി കോണ്‍ഫറന്‍സ്, വെബ്പോര്‍ട്ടല്‍ പ്രകശനം, ദലിത് വിദ്യാര്‍ഥി ഐക്യദാര്‍ഢ്യ സമ്മേളനം, സെമിനാറുകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കര്‍മശേഷിയും ജനകീയ ഫണ്ടും ഉപയോഗിച്ചുള്ള 25 ലക്ഷം രൂപയുടെ സേവന പദ്ധതികള്‍ക്ക് മന്ത്രി എം.എ ബേബി തുടക്കം കുറിച്ചതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Sunday, February 14, 2010

ഉജ്ജ്വല റാലിയോടെ എസ്.ഐ.ഒ. സമ്മേളനം പ്രഖ്യാപിച്ചു


കണ്ണൂർ‍:പഠനവും സമരവും സേവനവും ജീവിത മുദ്രയാക്കുമെന്ന പ്രതിജ്ഞയോടെ നഗരത്തെ വിദ്യാര്‍ഥി റാലിയുടെ പ്രവാഹത്തില്‍ മുക്കി എസ്.ഐ.ഒ.സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു. 2010 ഡിസംമ്പര്‍ 11ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികകല്ലാവുമെന്ന് ഉദ്‌ഘോഷിക്കുന്നതാണ് എസ്.ഐ.ഒ.കണ്ണൂരില്‍ നടത്തിയ കേഡര്‍ സമ്മേളനവും പ്രഖ്യാപന റാലിയും. വിദ്യാര്‍ഥി സംഘാടനത്തില്‍ വൈകാരികതപ്പുറമുള്ള ആശയവും അച്ചടക്കവുമാണ് തങ്ങളുടെ കരുത്തെന്ന് തെളിയിക്കുന്ന മാതൃകാപരമായ അടുക്കും ചിട്ടയുമാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലിയില്‍ പ്രകടമായത്. വിദ്യാര്‍ഥികളില്‍ എസ്.ഐ.ഒ. അസാധാരണമായ സ്വീകാര്യത നേടിയെന്ന് പ്രകടനത്തിന്റെ വിദ്യാര്‍ഥി പങ്കാളിത്തം തെളിയിച്ചു.

രണ്ട് ദിവസമായി നടന്ന കേഡര്‍ സമ്മേളനത്തിന്റെ സമാപനത്തിന് ശേഷം പൊലീസ് മൈതാനിയില്‍ നിന്ന് പുറപ്പെട്ട പ്രകടനത്തിന് എസ്.ഐ.ഒ. സംസ്ഥാന ഭാരവാഹികൾ‍, സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജി.ഐ.ഒ. സംസ്ഥാന സാരഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികളും റാലിയില്‍ പ്രത്യേക ബ്ലോക്കായി അണിനിരന്നു.

സാമ്രാജ്യത്തത്തിനും, ഫാഷിസത്തിനും, ഭരണകൂട ഭീകരതക്കും, തീവ്രവാദത്തിനും, സാമൂഹിക അസമത്വത്തിനും, എതിരെ ശക്തമായ താക്കീത് ഉയര്‍ത്തുന്ന ബാനറുകള്‍ ഉയര്‍ത്തി പിടിച്ച് വിത്യസ്ത ബ്ലോക്കുകളായി ചിട്ടയോടെയാണ് പ്രകടനം നീങ്ങിയത്. രാജ്യത്തിന്റെ ബഹുസ്വരതയെ കെട്ടിയിടുന്ന വിദ്വേഷം വമിക്കുന്ന ആശയങ്ങള്‍ കാമ്പസുകളില്‍ പ്രസരിപ്പിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്ന് പ്രകടനം ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയിലെ സ്‌നേഹസമ്പര്‍ക്കത്തെ ലൗജിഹാദിന്റെ കുപ്രചാരണം വഴി തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് വിദ്യാര്‍ഥികളോട് പ്രകടനം ആഹ്വാനം ചെയ്തു. മതവര്‍ഗീയതയും, സംഘ്പരിവാര്‍ ഫാഷിസവും, രാഷ്ട്രീയ ഫാഷിസവും കാമ്പസുകളെ മലിനമാക്കുന്നത് തടയണമെന്നും റാലി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ ബുദ്ധിശൂന്യമായ പരിഷ്‌കാരങ്ങളെ ചെറുക്കുമെന്ന് റാലി താക്കീത് നല്‍കി. കണ്ടതെല്ലാം പൈങ്കിളി വാര്‍ത്തകളാക്കി സമൂഹത്തെ വഴിതെറ്റിക്കുന്ന വാര്‍ത്താ യുദ്ധങ്ങളെയും റാലി രൂക്ഷമായി വിമര്‍ശിച്ചു. ഭീകരവേട്ടയുടെ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും റാലി ആവശ്യപ്പെട്ടു.

പൊലീസ് മൈതാനിയില്‍ നിന്ന് പുറപ്പെട്ട് കാല്‍ടെക്‌സ്, താവക്കര പുതിയ സ്റ്റാന്റ്, ഫോര്‍ട്ട് റോഡ്, പഴയ ബസ്‌സ്റ്റാന്റ് വഴി പൊതുസമ്മേളന നഗരിയില്‍ സംഗമിച്ചു. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കാല്‍ടെക്‌സ് ജംങ്ക്ഷന്‍ കേന്ദ്രീകരിച്ച് പ്രകടനത്തിന് അഭിവാദ്യം നേര്‍ന്ന് ബഹുജന അകമ്പടിയായി പ്രകടനത്തിന് പിന്നില്‍ അനുഗമിച്ചു. ജമാഅത്തെ ഇസ്‌ലാമി, ജമാഅത്ത് വനിതാ പ്രവര്‍ത്തകരും റാലിക്ക് അഭിവാദ്യം അര്‍പ്പിച്ചു.

കേഡര്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സലീം പൂപ്പലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ സെഷനില്‍ ജമാഅത്ത് കേരള അമീര്‍ ടി. ആരിഫലി, വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ലോക പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അസ്സാംതമീമി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഘടനാ സെഷനില്‍ മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ന വിഷയത്തെക്കുറിച്ച് അഖിലേന്ത്യാ അസി. അമീര്‍ പ്രൊഫ.കെ.എ. സിദ്ദീഖ് ഹസന്‍ പ്രഭാഷണം നടത്തി.

ബഹുസ്വര സമ്പര്‍ക്കത്തിന്റെയും പാരസ്പര്യത്തിന്റെയും മാര്‍ഗത്തില്‍ രാജ്യത്തിന് മികച്ച സേവനം അര്‍പ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെന്ന് അഖിലേന്ത്യാ അസി.അമീര്‍ പറഞ്ഞു. കാലത്തിനനുസരിച്ച് നയം മാറ്റാത്ത ഒരു പ്രസ്ഥാനത്തിനും നിലനില്‍പില്ല. ഇസ്‌ലാമിന്റെ സര്‍വലൗകിക പ്രസക്തിയും കാലോചിതമായ നിര്‍വഹണമാണ്. ജമാഅത്ത് എന്ത് നേടി എന്ന് ചോദിക്കുന്നവര്‍ പോലും ജമാഅത്തിന്റെ പ്രവര്‍ത്തന ശൈലി കടമെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ്. രാജ്യത്തിന്റെയും, സമുദായത്തിന്റെയും പ്രതിസന്ധി ഘട്ടങ്ങളില്‍ ദിശാബോധമുള്ള കര്‍മപരിപാടിയും ആത്മവിശ്വാസവും പകര്‍ന്നു നല്‍കിയതിന്റെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇസ്‌ലാമിക ബാങ്കിംങ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ സജീവമായ ആലോചനയില്‍ അതിന് പ്രേരകമായ കര്‍മരേഖ സമര്‍പ്പിച്ച ജമാഅത്തെഇസ്‌ലാമിക്ക് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ.ഒ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് (ബംഗാൾ), സംസ്ഥാന സമിതി അംഗം കെ.നജാത്തുല്ലാഹ്, ജി.ഐ.ഒ. സംസ്ഥാന സെക്രട്ടറി ശബീന ശര്‍ഖി, എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. കേഡർ സമ്മേളന സമാപന സെഷനില്‍ പി.ബി.എം. ഫര്‍മീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെഇസ്‌ലാമി സംസ്ഥാന അസി.അമീര്‍ ശൈഖ്മുഹമ്മദ് കാരക്കുന്ന് സമാപനപ്രഭാഷണം നടത്തി. കെ.സാദിഖ് നന്ദി പറഞ്ഞു.

പൊതുസമ്മേളനം ജമാഅത്തെഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്തു. ടി. ശാക്കിര്‍ പ്രസംഗം പരിഭാഷപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി എസ്.ഐ.ഒ.സമ്മേളന പ്രഖ്യാപനം നടത്തി. എസ്.ഐ.ഒ. അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ.സുഹൈൽ‍, ജി.ഐ.ഒ.സംസ്ഥാന പ്രസിഡന്റ് കെ.കെ.റഹീന, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്’മാന്‍, അഖിലേന്ത്യാ അസി. അമീര്‍ പ്രൊഫ.കെ.എ. സിദ്ദീഖ് ഹസന്‍, എന്നിവര്‍ പ്രസംഗിച്ചു. എസ്.ഐ.ഒ.സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് സ്വാഗതവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫൈസല്‍ നന്ദിയും പറഞ്ഞു.