Wednesday, July 14, 2010

വര്‍ണരഹിത കാമ്പസുകളില്‍ വര്‍ണം വിതറിയ കാരവന്‍

ജൂണ്‍ 21 ന് കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്തെ പൊവ്വല്‍ ജംഗ്ഷനില്‍ നിന്നാണ് കാരവന് തുടക്കം കുറിച്ചത്. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി സാഹിബ് ജാഥാ ക്യാപ്റ്റന്‍ പി.എം സാലിഹിന് പതാക കൈമാറിയപ്പോള്‍ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കാമ്പസ് കുതിപ്പിന് പുതിയൊരു അദ്ധ്യായം തീര്‍ക്കുകയായിരുന്നു. പുതിയ കാലഘട്ടത്തില്‍ വിദ്യാര്‍ഥി സമൂഹം ചെറുത്തുനില്‍പ്പിന്റെ പുതിയ രീതികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മതേതരത്വത്തിന്റെ പേരില്‍ കാമ്പസുകളില്‍ മതനിരാസമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ദേശീയ പ്രസിഡണ്ട് കെ.കെ സുഹൈല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിനും ശേഷം കാരവന് ആദ്യം സ്വീകരണം ലഭിച്ചത് വടക്കന്‍ കേരളത്തിലെ ചുവപ്പ് ഫാഷിസത്തിന്റെ ഈറ്റില്ലമായിരുന്ന എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ എല്‍.ബി.എസിന്റെ തിരുമുറ്റത്തായിരുന്നു. കാരവന്‍ സംഘവും എസ്.ഐ.ഒ പ്രവര്‍ത്തകരും പ്രകടനമായിട്ടാണ് കാമ്പസില്‍ പ്രവേശിച്ചത്. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ കാരവന് ലഭിച്ച സ്വീകരണം ശക്തമായ മുന്നേറ്റത്തിനുള്ള അടിത്തറയായിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെയും പടന്ന ശറഫ് കോളേജിലെയും സ്വീകരണത്തിനുശേഷം പയ്യന്നൂര്‍ ടൗണിലാണ് ഒന്നാം ദിവസത്തെ കാരവന്‍ സമാപിച്ചത്. പടന്ന ടൗണില്‍ ജമാഅത്ത്, സോളിഡാരിറ്റി, ജി.ഐ.ഒ സംഘമാണ് കാരവനെ സ്വീകരിച്ചത്. കാസര്‍ഗോഡ് എന്റോസള്‍ഫാന്‍ സമരസമിതി കാരവന് അഭിവാദ്യമര്‍പ്പിക്കുകയും ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. പയ്യന്നൂര്‍ ടൗണില്‍ നടന്ന പൊതുസമ്മേളനത്തില്‍ എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് അബ്ദുറഫീഖ് (വെസ്റ്റ് ബംഗാള്‍), സി. ദാവൂദ് തുടങ്ങിയവര്‍ സംസാരിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തകരുടെ കാരവനു നേരെയുള്ള ചൊറിച്ചില്‍ കണ്ടുകൊണ്ടാണ് രണ്ടാം ദിവസം കാരവന്‍ ആരംഭിച്ചത്. കാരവന്റെ പ്രചരണാര്‍ത്ഥം കോളേജ് പരിസരത്ത് സ്ഥാപിച്ചിരുന്ന ബാനറും പോസ്റ്ററുമൊക്കെ തലേദിവസം തന്നെ നശിപ്പിച്ചിരുന്നു. കാരവന്‍ കോളേജ് ഗെയ്റ്റിനുമുന്നില്‍ എം.എസ്.എഫ് പ്രവര്‍ത്തകരും അധ്യാപകരും ചേര്‍ന്നു തടഞ്ഞ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണൂര്‍ നഗരത്തിലെ കൃഷ്ണമേനോന്‍ വുമണ്‍സ് കോളേജില്‍ കാരവന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിദ്യാര്‍ഥിനികള്‍ പ്രകടനമായി വന്ന് കാരവന്‍ സ്വീകരിച്ച് കാമ്പസിലേക്ക് ആനയിച്ചു. മതേതര ഭീകരതയുടെ കണ്ണൂരിലെ കോട്ടയായ തലശ്ശേരി ബ്രണ്ണന്‍ കോളേജിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത സ്വീകരണമാണ് ലഭിച്ചത്. പ്രസംഗങ്ങളും തെരുവ് നാടകങ്ങളും അവസാനിച്ചപ്പോള്‍ കാമ്പസില്‍ വീഡിയോ ഉപയോഗിച്ച് എന്ന ന്യായം പറഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാരവന്‍ സംഘത്തെ തടഞ്ഞുവെച്ച് ഗെയിറ്റ് പൂട്ടി. കാമ്പസില്‍ വീഡിയോ ഉപയോഗിക്കുന്നതിന് പ്രിന്‍സിപ്പല്‍ രേഖാ മൂലം ഉറപ്പുനല്‍കിയിരുന്നത് ചൂണ്ടിക്കാട്ടിയിട്ടും ഒരു മണിക്കൂറിലേറെ തടഞ്ഞുവെക്കുകയായിരുന്നു. അതിനുശേഷം കാരവന്‍ സംഘത്തിന് തലശ്ശേരി ടൗണില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

കോഴിക്കോട് മടപ്പള്ളി കോളേജിലും എസ്.എഫ്.ഐ കാരവന്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. കാരവന്‍ എത്തുന്നതറിഞ്ഞ് പ്രിന്‍സിപ്പലിനെ സ്വാധീനിച്ച് ഉച്ചക്ക് തന്നെ കോളേജ് വിട്ടിരുന്നു. കാരവന്‍ കോളേജിനു മുന്നിലെത്തിയപ്പോള്‍ കൂക്കിവിളിയും തെറിവിളിയുമായി കാരവന്‍ അലങ്കോലപ്പെടുത്താനായിരുന്നു ശ്രമം. കാരവന്‍ സംഘത്തെ അക്രമിക്കാനുള്ള ശ്രമം പോലീസ് തടയുകയായിരുന്നു. സമാപന സമ്മേളന കേന്ദ്രമായിരുന്ന കുറ്റിയാടിയിലേക്ക് ചെണ്ടമേളത്തിന്റെയും ദൃശ്യാവിഷ്‌കാരങ്ങളോടും കൂടി സ്ത്രീകളും കുട്ടികളും വന്‍ ഘോഷയാത്രയോടെയാണ് കാവനെ വരവേറ്റത്. വന്‍ജനാവലി പങ്കെടുത്ത പൊതുസമ്മേളനത്തില്‍ എസ്.ഐ.ഒ ദേശീയ സെക്രട്ടറി ഷാനവാസ് അലി റൈഹാന്‍ (ബംഗാള്‍), ഡോ. കെ. മുഹമ്മദ് നജീബ്, യു. ഷൈജു, പി.എം സാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ കോളേജിലെ സ്വീകരണത്തോടെയാണ് മൂന്നാം ദിവസം ആരംഭിച്ചത്. ഇതുവരെ എസ്.എഫ്.ഐയുടേതല്ലാത്ത മറ്റുസംഘടനകളുടെ കൊടികള്‍ പോലും പാറാത്ത കാമ്പസിനകത്തേക്ക് എസ്.ഐ.ഒ കാരവന്‍ പ്രവേശിച്ചപ്പോള്‍ മറ്റു സംഘടനകളും അവരുടെ കൊടികളും ബാനറും ഉയര്‍ത്താന്‍ തുടങ്ങിയത് പുതിയൊരു കാഴ്ചയായിരുന്നു. വയനാട് ജില്ലയിലെ സെന്റ്‌മേരീസ് കോളേജ് ബത്തേരി, WMO കോളേജ് മൂട്ടില്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മൂന്നാം ദിവസം കാരവന്‍ കല്‍പ്പറ്റയില്‍ സമാപിച്ചു. എസ്.ഐ.ഒ ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് സംസാരിച്ചു. മുക്കം MAMO കോളേജിലെ സ്വീകരണത്തോടെയാണ് നാലാം ദിവസത്തെ പര്യടനം ആരംഭിച്ചത്. കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് കാരവനെ സ്വീകരിക്കാനെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ജെ.ഡി.റ്റി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ലോ കോളേജിനു മുന്നില്‍ കാരവന്‍ തടയാനുള്ള പോലീസ് ശ്രമം കോളേജിലെ പ്രവര്‍ത്തകരുടെയും പ്രിന്‍സിപ്പളിന്റെയും ധീരമായ നിലപാടിനു മുന്നില്‍ പരാജയപ്പെട്ടു. കാമ്പസില്‍ കയറിയാല്‍ പ്രശ്‌നമുണ്ടാവുമെന്ന് പറഞ്ഞ് വന്‍ പോലീസ് പടയെ കാമ്പസിനു മുന്നില്‍ നിര്‍ത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ധൈര്യപൂര്‍വ്വം കാമ്പസ് മുറ്റത്ത് ഗംഭീര സ്വീകരണം നല്‍കി. എസ്.എഫ്.ഐ നേതാക്കളടക്കം മുന്‍ നിരയില്‍ തന്നെ പരിപാടി വീക്ഷിക്കാനുണ്ടായിരുന്നു. പഞ്ചവാദ്യങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് കാരവന്‍ ഫാറൂഖ് കോളേജിലേക്ക് ആനയിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അണിനിരന്ന ഘോഷയാത്രയോടെ നാലാം ദിവസത്തെ സമാപന സമ്മേളന കേന്ദ്രമായ രാമനാട്ടുകരയില്‍ കാരവന് സ്വീകരണം ലഭിച്ചു. സമാപന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒരാള്‍ സ്റ്റേജിലേക്ക് കയറിവന്ന് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ വയറ്റത്തടിക്കാനും മൈക്ക് പിടിച്ചെടുക്കാനും ശ്രമിച്ചു. സി.പി.എമ്മിന്റെ പൊള്ളത്തരങ്ങളെ തുറന്നു കാണിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഹക്കീം നദ്‌വി, ശിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചരിത്രമുറങ്ങുന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലാണ് അഞ്ചാം ദിവസം കാരവന് തുടക്കം കുറിച്ചത്. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ജാഥ കാമ്പസില്‍ എത്തിച്ചേര്‍ന്നത്. മലര്‍വാടി ബാലസംഘത്തിന്റെ മിഠായിമാല ബാലസംഘം പ്രവര്‍ത്തകര്‍ ജാഥാ ക്യാപ്റ്റനെ അണിയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, അരീക്കോട് സുല്ലമുസലാം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മഞ്ചേരിയില്‍ കാരവന് പൗരസ്വീകരണം ലഭിച്ചു. നൂറുകണക്കിനു ബൈക്കുകളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ ബസ്റ്റാന്റ് പരിസരത്തേക്ക് നയിക്കപ്പെട്ടു. ഹര്‍ത്താല്‍ കഴിഞ്ഞ് ഞായറാഴ്ച്ച വൈകിട്ട് ശാന്തപുരം അല്‍ ജാമിഅ: യില്‍ നടന്ന സ്വീകരണത്തോടെയാണ് കാരവന്‍ പുനരാരംഭിച്ചത്. എട്ടാം ദിവസം രാവിടെ പട്ടാമ്പി ശ്രീശങ്കര സംസ്‌കൃത കോളേജില്‍ കാരവന് വന്‍സ്വീകരണം ലഭിച്ചു. എസ്.എഫ്.ഐയുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രിന്‍സിപ്പള്‍ കാമ്പസില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. പാലക്കാട് ഗവ: പോളിടെക്‌നിക്കിലെയും വിക്‌ടോറിയ കോളേജിലെയും സ്വീകരണത്തിനുശേഷം കാരവന്‍ ആലത്തൂരില്‍ സമാപിച്ചു. എസ്.ഐ.ഒ ദേശീയ സമിതിയംഗം മിസ്ഹബ് ഇഖ്ബാല്‍ (ബിഹാര്‍) മുഖ്യാഥിതിയായിരുന്നു.

തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലായിരുന്നു ഒന്‍പതാം ദിവസത്തെ ആദ്യ സ്വീകരണം. മെഡിക്കല്‍ കോളേജിലെയും മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെയും സ്വീകരണത്തിനുശേഷം കാരവന്‍ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെത്തി. കഴിഞ്ഞ പത്തുവര്‍ഷമായി യൂണിയന്‍ ഇലക്ഷന്‍ പോലും നടക്കാത്ത മറ്റൊരു സംഘടനയെയും കാമ്പസിനകത്തോ പുറത്തോ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത മറ്റു സംഘടനാ പ്രവര്‍ത്തകരെ കായികമായി അടിച്ചൊതുക്കുന്ന മതേതരഭീകരതയുടെ ‘ഗ്വാണ്ടോനാമ’യായി അറിയപ്പെടുന്ന തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് ധൈര്യപൂര്‍വ്വം കാരവന്‍ കടന്നുചെന്നു. കാരവന്‍ വാഹനവും ശബ്ദ സംവിധാനമൊന്നും കാമ്പസിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. കാരവന് ലഭിച്ച സ്വീകരണ പരിപാടിയില്‍ എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം കെ. സാദിഖ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ കാമ്പസിലെ എസ്.എഫ്.ഐ പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള വന്‍സംഘം പരിപാടി അലങ്കോലപ്പെടുത്തി. ഇത് ഞങ്ങളുടെ കാമ്പസാണെന്നും ഇവിടെ മറ്റാര്‍ക്കും പ്രവേശനമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പരിപാടി തടഞ്ഞത്. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് പരിപാടി നടത്തുന്നത് എന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ കൂടുതല്‍ പേര്‍ സംഘടിച്ച് എസ്.ഐ.ഒ പ്രസിഡണ്ടടക്കമുള്ള കാരവന്‍ സംഘത്തിനുനേരെ ക്രൂരമായ അക്രമണം അഴിച്ചുവിടുകയും കല്ലേറ് നടത്തുകയും ചെയ്തു. കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കുപറ്റി. പോലീസിന്റെ മുന്നില്‍വെച്ച് ഡിജിറ്റല്‍ ക്യാമറ, മൂന്ന് മൊബൈലുകള്‍ എന്നിവ അക്രമികള്‍ തല്ലിത്തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ കൊണ്ടുപോവാതെ അരമണിക്കൂറോളം പോലീസ് വൈകിപ്പിച്ചു. എസ്.ഐ.ഒ കാരവനെ അക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എസ്.എഫ്.ഐ അക്രമണത്തിന് ഒത്താശ നല്‍കുകയും നിസംഗതയോടെ നോക്കിനില്‍ക്കുകയും ചെയ്ത പോലീസ് റോഡ് ഉപരോധിച്ചു എന്ന പേരില്‍ 14 എസ്.ഐ.ഒ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അതിനിടെ പരിപാടി വീക്ഷിക്കാനെത്തിയ മജീദ് എന്ന ജമാഅത്ത് പ്രവര്‍ത്തകനെ അകാരണമായി അറസ്റ്റ് ചെയ്യുകയും പോലീസ് ജീപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പോലീസ് മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ രണ്ട് വിരലുകള്‍ പൊട്ടുകയും മുഖത്തും പുറത്തും വയറ്റിനും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അന്നേദിവസം കൊടുങ്ങലൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്. സോളിഡാരിറ്റി സംസ്ഥാന സമിതിയഗം ശമീം പാപ്പിനിശ്ശേരി, ടി. ശാകിര്‍, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളം മഹാരാജസ് കോളേജിലെ സ്വീകരണത്തോടെയാണ് അടുത്ത ദിവസം കാരവന്‍ ആരംഭിച്ചത്. ശേഷം ലോ കോളേജിലേക്ക് കാരവന്‍ പ്രവേശിച്ചപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വടിയും കല്ലുമായി കാരവന്‍ അക്രമിക്കാന്‍ ശ്രമിച്ചു. പോലീസും പ്രിന്‍സിപ്പലും പ്രശ്‌നത്തില്‍ ഇടപെടുകയും കാരവനെ കാമ്പസ് ഗേറ്റിന് പുറത്തേക്ക് തള്ളിമാറ്റുകയും ചെയ്തു. കുസാറ്റിലെ സ്വീകരണത്തിനുശേഷം കളമശേരി പോളിയില്‍ വെച്ചു കാരവന്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി നേരിട്ട് കാമ്പസിലെത്തി പ്രിന്‍സിപ്പലിനെ സ്വാധീനിച്ചും പ്രവര്‍ത്തകരെ ഉപയോഗിച്ചുമാണ് കാരവന്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. കാരവനെ പോലീസ് സംഘം ഗേറ്റിന് പുറത്തേക്ക് തള്ളിമാറ്റിയെങ്കിലും കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളും പരിപാടി വീക്ഷിക്കുന്നതിന് ഗേറ്റിന് പുറത്ത് തടിച്ചുകൂടി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗേറ്റിനടുത്ത് കൂടിനിന്ന് കൂകിവിളിച്ച് പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആലുവ അസ്ഹര്‍ അറബിക് കോളേജിലെയും മാറമ്പള്ളി എം.ഇ.എസ് കോളജിലെയും സ്വീകരണത്തിനുശേഷം കാരവന്‍ മുവാറ്റുപുഴയില്‍ സമാപിച്ചു. പെരുമ്പാവൂര്‍ ടൗണില്‍ നിന്നും തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുവാറ്റുപുഴയിലേക്ക് ആനയിക്കപ്പെടുകയായിരുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നായിരുന്നു അടുത്ത ദിവസം കാരവന്‍ ആരംഭിച്ചത്. തുടര്‍ന്ന് കോട്ടയം ജില്ലയിലെ അല്‍ മനാര്‍ സ്‌കൂള്‍ ഇരാറ്റുപേട്ട, എം.ജി യൂണിവേഴ്‌സിറ്റി, സി.എം.എസ് കോളേജ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചങ്ങനാശ്ശേരിയില്‍ സമാപിച്ചു. സമാപന യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി ശൂറാംഗം യൂസുഫ് ഉമരി പ്രഭാഷണം നടത്തി. പുന്നപ്ര എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് ആലപ്പുഴ ജില്ലയിലെ സ്വീകരണം ആരംഭിച്ചത്. തുടര്‍ന്ന് എസ്.ഡി കോളേജില്‍ നടന്ന സ്വീകരണ സമ്മേളനം എസ്.എഫ്.ഐ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. എസ്.ഐ.ഒ പ്രസിഡണ്ട് സംസാരിച്ചുകൊണ്ടിരിക്കെ വടിയെടുത്ത് അടിക്കാന്‍ വന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചങ്കുറപ്പോടെ പ്രവര്‍ത്തകര്‍ നേരിടുകയായിരുന്നു. വടിയെടുത്ത് അടിക്കാന്‍വന്നവരെ ധീരമായി നേരിട്ട് പിന്തിരിച്ചോടിച്ചു. പിന്തിരിഞ്ഞോടിയവര്‍ വീണ്ടും വലിയ വടികൊണ്ടടിക്കാന്‍ വന്നപ്പോള്‍ സധൈര്യം നേരിടുകയും അവരെ അടിയറവ് പറയിപ്പിക്കുകയും ചെയ്തു. അവസാനം പ്രിന്‍സിപ്പലും അധ്യാപകരും ഇടപെട്ട് വിദ്യാര്‍ഥികളെ തടയുകയും കാരവന്‍ സംഘത്തെ കാമ്പസില്‍ നിന്നും പുറത്താക്കി ഗേറ്റ് അടക്കുകയും ചെയ്തു. ശേഷം ടി.ഡി മെഡിക്കല്‍ കോളേജില്‍ എത്തിയ കാരവനെ കോളേജിന്റെ ഗേറ്റ് അടച്ച് പോലീസ് തടഞ്ഞു. നീര്‍ക്കുന്നം അല്‍ഹുദ സ്‌കൂളിലെയും കായംകുളം എം.എസ്.എം കേളേജിലെയും സ്വീകരണത്തിനുശേഷം കായകുളം ടൗണില്‍ വമ്പിച്ച പ്രകടനവും പൊതുസമ്മേളനവും നടന്നു. എസ്.ഐ.ഒ ദേശീയ സമിതിംഗം ഹശ്മത്തുള്ള ഖാന്‍ (കര്‍ണാടക), സോളിഡാരിറ്റി വൈസ് പ്രസിഡണ്ട് കെ.എ ഷഫീഖ് എന്നിവര്‍ സംസാരിച്ചു. പന്തളത്തു നിന്നാണ് പത്തനംതിട്ട ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പത്തനംതിട്ട ടൗണിലെ സ്വീകരണത്തിന് ശേഷം കാരവന്‍ കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു. പത്തനാപുരത്ത് നടന്ന സ്വീകരണ യോഗത്തിനു ശേഷം അഞ്ചലില്‍ വമ്പിച്ച പ്രകടനവും പൊതുസമ്മേളനവും നടന്നു. ഫാ. അബ്രഹാം ജോസഫ്, പി.എം സാലിഹ് എന്നിവര്‍ സംസാരിച്ചു. അടുത്ത ദിവസം ഉമയനല്ലൂര്‍, കണ്ണെനല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടന്നു. കാരവന്‍ ആരംഭിച്ച് രണ്ടാം ഹര്‍ത്താല്‍ വന്നതിനാല്‍ അടുത്ത ദിവസം കാരവന്‍ നടന്നില്ല. തിരുവനന്തപുരം ജില്ലയിലായിരുന്നു അവസാന ദിവസത്തെ പര്യടനം. സി.എച്ച്.എം ചാരുമൂട്, വര്‍ക്കല കോളനി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആറ്റിങ്ങല്‍ ഗവ: കോളേജ്, കാര്യവട്ടം കാമ്പസ്, എഞ്ചിനിയറിംഗ് കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വന്‍ സ്വീകരണം ഏറ്റുവാങ്ങി. ഓരോ കാമ്പസിനു മുന്നിലും വന്‍ പോലീസ് സംഘം ഗേറ്റ് അടച്ച് തടഞ്ഞതിനാല്‍ കാരവന് കാമ്പസില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കാരവന്റെ അവസാന സ്വീകരണ കേന്ദ്രമായ എസ്.എഫ്.ഐ ഭീകരതക്ക് കേളികേട്ട യൂണിവേഴ്‌സിറ്റി കോളേജിലേക്കുള്ള കാരവന്‍ പ്രയാണം വന്‍ പോലീസ് സന്നാഹം തടഞ്ഞു. എസ്.എഫ്.ഐ ഉപവാസം നടക്കുന്നതിനാല്‍ അങ്ങോട്ട് വിടാനാവില്ലെന്നായിരുന്നു പോലീസ് ഭാഷ്യം. പോലീസ് എസ്.എഫ്.ഐക്ക് കൂട്ടുനിന്ന് കാരവന്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സംഘര്‍ഷം പ്രതീക്ഷിച്ച വന്‍ മീഡിയ പട തന്നെ സ്ഥലത്തെത്തിയിരുന്നു. ശേഷം ഗാന്ധിപാര്‍ക്കില്‍ നടന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള ജന. സെക്രട്ടറി എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ എസ്.എഫ്.ഐയുടെ ധാര്‍ഷ്ഠ്യത്തിന് സി.പി.എം പോലീസിനെ ഉപയോഗിക്കുകയാണ്. സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവില്‍ സമരം ചെയ്യുന്നവര്‍ തന്നെയാണ് കാമ്പസില്‍ ജനാധിപത്യം നിഷേധിച്ച് മറ്റു സംഘടനകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ ആസാം സോണല്‍ പ്രസിഡണ്ട് സൈഫുല്‍ ആലം സിദ്ദീഖി മുഖ്യാഥിതിയായിരുന്നു. കാരവന്‍ അംഗങ്ങളെ ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറിയും നാടകാംഗങ്ങളെ സോളിഡാരിറ്റി പ്രസിഡണ്ടും പൊന്നാട അണിയിച്ചു. ജാഥാ ക്യാപ്റ്റന്‍ പി.എം സാലിഹ് സമാപന പ്രഭാഷണം നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ, ഐ.വൈ.എ ഖത്തര്‍, എസ്.ഐ.ഒ മലയാളി ഘടകം ചെന്നൈ, മലയാളി ഘടകം ബാംഗ്ലൂര്‍ എന്നിവരുടെ പ്രതിനിധികള്‍ ക്യാപ്റ്റനെയും വൈസ്‌ക്യാപ്റ്റനെയും ഹാരമണിയിച്ചു. കേരളത്തിലുടനീളം കാമ്പസുകളിലും പൊതുസ്ഥലങ്ങളിലും ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും ഹാരാര്‍പ്പണം നടത്തിയാണ് സ്വീകരിച്ചത്.

സാമൂഹിക പ്രശ്‌നങ്ങളോട് സംവദിച്ച് ‘കേരള കാമ്പസ് കഫെ’

കാരവന്റെ ഭാഗമായി നടന്ന ശ്രദ്ധേയ പരിപാടിയായിരുന്നു സംവേദനവേദി അവതരിപ്പിച്ച കേരള കാമ്പസ് കഫെ എന്ന തെരുവ് നാടകം. സ്വതന്ത്ര്യസമരത്തെയും സ്വതന്ത്ര്യ ഇന്ത്യയുടെ സമകാലിക അവസ്ഥയെയും ഉള്‍ക്കൊള്ളുന്ന ചൊല്‍കാഴ്ച്ചയോടെ ആരംഭിക്കുന്ന നാടകം നിരവധി സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. പോലീസ് ഭീകരതയും ന്യൂനപക്ഷങ്ങളെ അരക്ഷിതരാക്കിയുള്ള അന്യായമായ ചോദ്യം ചെയ്യലും സംശയ ദൃഷ്ടിയോടെയുള്ള സമീപനവും വളരെ ലളിതമായി ചിത്രീകരിക്കുന്നു. കാമ്പസ് ഇലക്ഷനില്‍ മറ്റു സംഘടനകളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി യൂണിയന്‍ ഇലക്ഷനില്‍ വിജയം നേടിയ പാര്‍ട്ടിനേതാവിന്റെ സംസാരവും ശൈലിയും കാമ്പസിലെ മതേതര ഭീകരതയെ വ്യക്തമായി അടയാളപ്പെടുത്തുന്നു. യൂണിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥതയും വിദ്യാഭ്യാസ കൊള്ളയും ചിത്രീകരിക്കുന്ന രംഗം കൂടുതല്‍ ചിരിയുണര്‍ത്തുന്നതാണ്. റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് കാശില്ലാത്തതിന്റെ പേരില്‍ സീറ്റ് നിഷേധിക്കുമ്പോള്‍ ഞാന്‍ വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥി പറയുന്നതിനെ പാതിരിയും നായരും ഹാജ്യാരും ”വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കുമത്രെ!” എന്നു പറഞ്ഞ് പരിഹസിക്കുന്നത് സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാറിന്റെ നിസംഗതയും കെടുകാര്യസ്ഥതയും വിളിച്ചറിയിക്കുന്നുണ്ട്. ലൗജിഹാദും മതസംഘടനകളുടെ രാഷ്ട്രീയ ഇടപെടലിനെ പേടിപ്പിച്ച് കാണിക്കുന്ന രംഗവും ഉള്‍ക്കൊള്ളുന്ന നാടകം സാമകാലിക കേരളത്തെ തെളിമയോടെ നോക്കുന്ന ‘ഭൂതകണ്ണാടി’ തന്നെയാണ്. മഖ്ബൂല്‍ മാറഞ്ചേരി രചനയും ഷമീം ചൂന്നൂര്‍, അബു വളയംകുളം എന്നിവര്‍ സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ 10 കലാകാരന്‍മാര്‍ അണിനിരന്നു.

ആദ്യം എസ്.എഫ്.ഐ തടഞ്ഞു, പിന്നെ എസ്.എഫ്.ഐയും പോലീസും, പിന്നെ പോലീസ് ഒറ്റക്ക്

കാമ്പസുകളിലെ മതേതര ഭീകരതയ്ക്ക് കൂട്ടുനില്‍ക്കുന്നവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം പോലീസിന് തന്നെ നല്‍കണം. പ്രിന്‍സിപ്പാള്‍, അധ്യാപക സംഘടന, ഗുണ്ടാ യൂണിയനുകള്‍, എന്‍ജിഒ യൂണിയനുകള്‍ എന്നിവരും ഈ ഗുണ്ടാരാജിന് കൂട്ടുനില്‍ക്കുന്നവര്‍ തന്നെ. കാമ്പസില്‍ ആധിപത്യമുള്ള സംഘടനയുടെ ജനാധിപത്യവിരുദ്ധ തോന്ന്യാസങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവരാണ് മേല്‍പ്പറഞ്ഞ ലിസ്റ്റിലെ ഓരോ വിഭാഗവും. കാമ്പസ് കാരവന്‍ ആരംഭിച്ച സമയത്ത് വടക്കന്‍ ജില്ലയില്‍ ചില കാമ്പസുകളില്‍ എസ്.എഫ്.ഐ ആയിരുന്നു തടയാനും അലങ്കോലപ്പെടുത്താനും ശ്രമിച്ചത്. മദ്ധ്യകേരളത്തിലെത്തിയപ്പോള്‍ എസ്.എഫ്.ഐയും അവരുടെ പോലീസുമായിരുന്നു കാരവന്‍ തടഞ്ഞത്. തെക്കന്‍ കേരളത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഒറ്റക്കു തന്നെ ആ പണി ഏറ്റെടുത്തു. കാരവന്‍ എത്തുന്ന ഓരോ കോളേജിനു മുന്നിലും വന്‍ പോലീസ് സംഘത്തെ അണിനിരത്തി കാമ്പസ് ഗേറ്റടച്ച് ഉള്ളിലേക്കുള്ള പ്രവേശനം നിഷേധിച്ചു. കാരവന്റെ സമാപന ദിവസം സെക്രട്ടറിയേറ്റിനു മുന്നിലൂടെയുള്ള പ്രകടനത്തിനുള്ള അവസരം പോലും നിഷേധിച്ചു.

ശ്രദ്ധേയമായ പത്രസമ്മേളനങ്ങള്‍

കാരവന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നടത്തിയ പത്രസമ്മേളനങ്ങള്‍ ശ്രദ്ധേയമായി. കാരവന്റെ പൊതുവായ സന്ദേശം അറിയിക്കുന്നതിനും പൊതുവിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ എസ്.ഐ.ഒവിന്റെ നിലപാടുകള്‍ അറിയിക്കുന്നതിനും ഓരോ ജില്ലയിലെയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനും വേണ്ടിയായിരുന്നു പത്രസമ്മേളനങ്ങള്‍ നടത്തിയത്. നിരവധി വിദ്യാഭ്യാസ പ്രശ്‌നങ്ങളാണ് പത്രസമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെട്ടത്. സാമൂഹിക പ്രശ്‌നങ്ങളിലിടപെടാനുള്ള മതത്തിന്റെ ശേഷിയെ കുറിച്ച മികച്ച സംവാദങ്ങളാണ് പത്രസമ്മേളനങ്ങളില്‍ നടന്നത്. മതേതരത്വം സമൂഹത്തെ വിഭാഗീയതയിലേക്ക് നയിക്കുന്നതും മതദര്‍ശനത്തിന്റെ പിന്‍ബലമുള്ള പ്രസ്ഥാനങ്ങള്‍ക്കെ കാമ്പസുകളെ ഒന്നിപ്പിക്കാന്‍ സാധിക്കു എന്ന കാരവന്റെ സന്ദേശം വലിയ ചര്‍ച്ചകള്‍ക്കു വഴിതെളിയിച്ചു.

കാരവന്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍

സ്വാശ്രയം: 50:50 പ്രവേശനം ഒഴിവാക്കുക; ഫീ റഗുലേറ്ററി കമ്മീഷന്‍ രൂപവത്കരിക്കുക; കേന്ദ്ര നിയമം കൊണ്ടുവരിക, കാമ്പസുകളിലെ ക്രിമിനല്‍-ഗുണ്ടാ രാഷ്ട്രീയം അവസാനിപ്പിക്കണം, സര്‍വ്വകലാശാലകളുടെ നിലവാരമുയര്‍ത്തണം, കേരളത്തില്‍ പുതിയ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കണം, ഹോസ്റ്റലുകള്‍ക്ക് പൊതുവായ ഫീസ് ഘടന ഉറപ്പുവരുത്തണം, തോട്ടം തൊഴിലാളി മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് തയ്യാറാക്കണം, ആദിവാസി തീരദേശ വിദ്യാഭ്യാസപദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം, മലബാര്‍ വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കണം, കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്‍സ് ഒണ്‍ലി ബസ്സ് സര്‍വ്വീസ് ആരംഭിക്കണം, വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ വേണം, സ്‌കോളര്‍ഷിപ്പ് ബുക്ക് ലെറ്റ് പുറത്തിറക്കണം, ആശ്രമങ്ങളിലെയും ആനാഥാലയങ്ങളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷയും പുരോഗതിയും ഉറപ്പുവരുത്തണം, ന്യൂനപക്ഷ വിദ്യഭ്യാസ പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കണം, കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാലക്ക് ഭൂമി അനുവദിക്കുക, മലബാര്‍ മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ ജില്ലകള്‍ അനുവദിക്കുക, എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുക, കൂടുതല്‍ പോളിടെക്‌നിക്കുകള്‍ സ്ഥാപിക്കുക, വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം വര്‍ദ്ദിപ്പിക്കണം, സര്‍ക്കാര്‍ മേഖലകളില്‍ പുതിയ കോളേജുകള്‍ സ്ഥാപിക്കണം, മലപ്പുറം ജില്ലയില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കണം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിഭജിച്ച് പാലക്കാട് ജില്ലയില്‍ പുതിയ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം, പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ വിദ്യാഭ്യാസ സൗകര്യം വര്‍ദ്ധിപ്പിക്കണം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സബ് സെന്റര്‍ തൃശ്ശൂരില്‍ ആരംഭിക്കുക, കോഴ്‌സുകള്‍ നവീകരിക്കുക, കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുക, ആലപ്പുഴ റ്റി.ഡി.മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കുസാറ്റിലെ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ കാരവന്‍ ഉയര്‍ത്തി.

കേരള കാമ്പസ് കാരവന്‍ കേരളീയ കാമ്പസുകളില്‍ തിമിര്‍ത്താടുന്ന നവജന്മിത്വത്തെ തൂത്തെറിയുന്നതിനുള്ള വിമോചന പ്രഖ്യാപന യാത്രയായിരുന്നു. കാമ്പസില്‍ ഫാഷിസത്തിന്റെ നിറം ചുവപ്പാണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ മറന്നിട്ടില്ല. ചിലയിടങ്ങളില്‍ പച്ചനിറത്തിനുമുണ്ടായിരുന്നു ആധിപത്യമനോഭാവം. ഈ ആധിപത്യ ഫാഷിസ്റ്റ് സമീപനത്തിന്റെ കൈക്കരുത്തില്‍ നിലംപതിച്ച കെ.എസ്.യു അടക്കമുള്ള നിരവധി വിദ്യാര്‍ഥിസംഘടനകളുണ്ട്. ദളിത് വിദ്യാര്‍ഥികളൈയും കൂട്ടായ്മകളെയും സ്വന്തം മുന്നണിയിലെ എ.ഐ.എസ്.എഫിനെ അടക്കം കായികമായി കൈകാര്യം ചെയ്യുന്നതില്‍ എസ്.എഫ്.ഐ സജീവമാണ്. മാതൃസംഘടനയുടെയും പോഷക സംഘടനകളുടെയും ഗുണ്ടായിസത്തിന്റെയും ക്രിമിനലിസത്തിന്റെയും സര്‍വ്വവിധ പീഢനമുറകളുടെയും ബലത്തിലാണ് കാമ്പസുകളില്‍ എസ്.എഫ്‌.ഐ അധിപത്യം ഉറപ്പിക്കുന്നത്. എല്ലാം ഭവ്യതയോടെ അനുസരിക്കുന്ന പോലീസും എസ്.എഫ്.ഐയുടെ വിജയത്തില്‍ സുപ്രധാന ഘടകമാണ്.

ഇലക്ഷനുകള്‍ നടക്കാതെ ഏകപക്ഷീയ യൂണിയന്‍ നിലവില്‍ വരുന്ന കാമ്പസുകള്‍ കേരളത്തില്‍ നിരവധിയുണ്ട്. പക്ഷെ കൈകരുത്തിന്റെ രാഷ്ട്രീയത്തില്‍ കരുത്ത് കുറഞ്ഞ മതേതര വിദ്യാര്‍ഥി സംഘടനകള്‍ പിന്‍വാങ്ങി മാളത്തിലൊളിച്ചപ്പോള്‍ മതദര്‍ശനത്തിന്റെ പിന്‍ബലമുള്ള എസ്.ഐ.ഒവിന് അത് അംഗീകരിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ആള്‍ബലം കുറവാണെങ്കിലും ആദര്‍ശത്തിന്റെ തെളിമയിലും ശക്തിയിലും വിപ്ലവത്തിലൂന്നി എസ്.ഐ.ഒ ആധിപത്യ സംസ്‌കാരത്തിനെതിരെ ഉറക്കെ ശബ്ദിച്ചു. ഏകപക്ഷീയമായ യൂണിയനുകള്‍ മാത്രം ഉണ്ടായിരുന്ന കാമ്പസുകളില്‍ എസ്.എഫ്.ഐയും എസ്.ഐ.ഒയും നേര്‍ക്കുനേര്‍ മത്സരിച്ചു. ഒരു പ്രവര്‍ത്തകനുള്ള കാമ്പസിലും സകല ഭീഷണികളെയും മര്‍ദ്ദനങ്ങളെയും അതിജീവിച്ച് മത്സരിച്ചു. എസ്.എഫ്.ഐയുടെ ഫാഷിസ്റ്റ് സമീപനത്തില്‍ മനംമടുത്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ എസ്.ഐ.ഒവിന് വോട്ടു ചെയ്തു. കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വരെ നിരവധി കാമ്പസുകളില്‍ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. പക്ഷെ വിപ്ലവബോധവും ലക്ഷ്യവും കരുപിടിപ്പിക്കപ്പെട്ട ഈ വിദ്യാര്‍ഥി സംഘത്തിന് ഓരോ അക്രമങ്ങളും കൂടുതല്‍ ആവേശവും ശക്തിയും നല്‍കി. മതേതര ഭീകരത, മതേതര താലിബാനിസം തുടങ്ങിയ പ്രയോഗങ്ങള്‍ കാമ്പസില്‍ പ്രചരിപ്പിക്കുന്നതില്‍ സജീവ ശ്രദ്ധ പതിപ്പിച്ചു. എസ്.ഐ.ഒവില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട് മറ്റുസംഘടകളും സജീവമാവാന്‍ തുടങ്ങി. എസ്.ഐ.ഒവിന്റെ വിദ്യാര്‍ഥിപക്ഷ ഇടപെടലുകളെ വര്‍ഗ്ഗീയമെന്നും അരാഷ്ട്രീയമെന്നും മുദ്രകുത്താനുള്ള ശ്രമം വിദ്യാര്‍ഥി സമൂഹം തള്ളിക്കളഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തിലെ കാമ്പസുകളില്‍ എസ്.ഐ.ഒ 90 കോളേജുകളില്‍ മത്സരിച്ചപ്പോള്‍ കെ.എസ്.യു 50 ഉം എം.എസ്.എഫ് 40 കാമ്പസിലുമാണ് മത്സരിച്ചത്. വിദ്യാര്‍ഥിരാഷ്ട്രീയ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി എസ്.ഐ.ഒവിന്റെ വീരോചിത ശ്രമങ്ങള്‍ വിദ്യാര്‍ഥിസമൂഹത്തിന് വലിയ കരുത്ത് പകര്‍ന്നിട്ടുണ്ട്. കേരളത്തിലെ കാമ്പസുകളിലെ അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യത്തിന്റെ കാഹളമൂതി ജന്മികോട്ടകളെ പ്രകമ്പനം കൊള്ളിച്ചാണ് കാരവന്‍ സമാപിച്ചത്. ഇതൊരു പുതുയുഗത്തിന്റെ പിറവിയാണ്. സര്‍ഗാത്മക കാമ്പസിന് പണിടെയുക്കാനുള്ള വിപ്ലവാഹ്വാനമാണ്. നമുക്ക് കൈകോര്‍ക്കാം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മൈക്കിള്‍ തരകന്‍ കാരവന്‍ മുദ്രാവാക്യത്തെ വിശേഷിപ്പിച്ച് പറഞ്ഞത് ”ഈ മദ്രാവാക്യം കാമ്പസുകളിലും വിദ്യാര്‍ഥികളിലും യൂണിറ്റി ഉണ്ടാക്കുന്നതാണ്, ഡിവിഷനുണ്ടാക്കുന്നതല്ല

Friday, July 2, 2010


കാമ്പസിനകത്ത്എസ്.എഫ്.ഐയുടെ ഫാഷിസം നടപ്പിലാക്കാന്‍ സി.പി.എം പോലീസിനെ ഉപയോഗപ്പെടുത്തുന്നു: എസ്.ഐ.

തൃശൂര്‍: കാമ്പസിനകത്ത് എസ്.എഫ്.ഐയുടെ ഫാഷിസം നടപ്പിലാക്കാന്‍ സി.പി.എം പോലീസിനെ ഉപയോഗപ്പെടുത്തുകയാണെന്ന് എസ്.ഐ.ഒ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജൂണ്‍ 21ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തൃശൂരിലെത്തിയ കേരള കാമ്പസ് കാരവന് തൃശൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികള്‍ നല്‍കിയ സ്വീകരണ യോഗത്തിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് അടക്കം നിരവധി പേരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കുപറ്റിയ 8 പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പി.എം സാലിഹ്, ശഫീഖ് കൊടിഞ്ഞി, ശാഹിദ് എടപ്പാള്‍, റാഷിദ് വടകര, അഫ്‌സല്‍ മതിലകം, അംജദ് അലി പെരുമ്പിലാവ്, അംഹര്‍ ചെന്ത്രാപിന്നി, ആഖില്‍ തൃശൂര്‍, അനീസ് ഓവുങ്ങല്‍ എന്നിവരെയാണ് തൃശൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. പരിക്കുപറ്റിയ എസ്.ഐ.ഒ പ്രവര്‍ത്തകരെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ പോലീസ് വിസമ്മതിച്ചു. എസ്.എഫ്.ഐ തിട്ടൂരത്തിനനുസരിച്ച് പോലീസ് ഒത്തുകളിച്ചതാണ് സമാധാനപരമായി നടത്തിയ പരിപാടിയെ കൂടുതല്‍ സംഘര്‍ഷത്തിലെത്തിച്ചത്. പോലീസ് എസ്.ഐ.ഒ നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പ്രകോപനപരമായ സമീപനം സ്വീകരിക്കുകയും അജ്ഞാതമായ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ കാമ്പസുകളില്‍ പാര്‍ട്ടിജന്മിത്തവും അക്രമരാഷ്ട്രീയവും അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ എസ്.എഫ്.ഐ മ്യൂസിയത്തിലെ വിപ്ലവമായി പരിണമിക്കുമെന്നും എസ്.ഐ.ഒ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ ശിഹാബ് പൂക്കോട്ടൂര്‍ (സെക്രട്ടറി, എസ്.ഐ.ഒ കേരള), യു ഷൈജു (സെക്രട്ടറി, എസ്.ഐ.ഒ കേരള), കെ സാദിഖ് (സംസ്ഥാന സമിതിയംഗം), അതീഖ് റഹ്മാന്‍ (വൈസ് പ്രസിഡണ്ട്, എസ്.ഐ.ഒ തൃശൂര്‍ ജില്ല) എന്നിവര്‍ പങ്കെടുത്തു

more photos http://picasaweb.google.co.in/siokerala/SFIAttack02#

കോഴിക്കോട്: ഞങ്ങള്‍ക്ക് ആധിപത്യമുള്ള കാമ്പസില്‍ ഞങ്ങള്‍ മതി, മറ്റൊരു സംഘടനയുടെ പ്രവര്‍ത്തനവും പാടില്ല, മറ്റാരും ബോര്‍ഡും ബാനറും വെക്കരുത്, നോട്ടീസും മെമ്പര്‍ഷിപ്പ് കാര്‍ഡും വിതരണം ചെയ്യരുത്, യോഗം ചേരരുത്, ആശയം പ്രചരിപ്പിക്കരുത്, ഇലക്ഷനില്‍ മത്സരിക്കരുത്. ജനാധിപത്യ കേരളത്തിലെ കാമ്പസുകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഏകാധിപത്യ ജന്മിത്വ സംസ്‌കാരത്തിന്റെ നേര്‍കാഴ്ച്ചകളാണ് മുകളില്‍ സൂചിപ്പിച്ചത്. വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ പേരില്‍ അക്രമരാഷ്ട്രീയവും ക്രിമിനലിസവും അരങ്ങുവാഴുന്ന കേരള കാമ്പസുകളില്‍ ഐക്യാഹ്വാനം തീര്‍ത്തുകൊണ്ട് എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് നയിക്കുന്ന കേരള കാമ്പസ് കാരവന്‍ കാമ്പസുകളിലൂടെ മുന്നേറുകയാണ്. കാമ്പസുകളിലെ മതേതര ഭീകരതയെ തുറന്നുകാട്ടുക, ജമാധിപത്യ കാമ്പസിന് വിദ്യാര്‍ഥികളെ അണിനിരത്തുക, പുതിയകാല വിദ്യാര്‍ഥിരാഷ്ട്രീയത്തെയും ജനകീയ മുന്നേറ്റങ്ങളെയും പിന്തുണക്കുക, അക്രമ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സംവാദത്തിന്റെയും സഹിഷ്ണുതയുടെയും സംസ്‌കാരം പരിചയപ്പെടുത്തുക, വിദ്യാര്‍ഥികളെയും കാമ്പസുകളെയും അരാഷ്ട്രീയ വല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചെറുക്കുക, വിദ്യാര്‍ഥികളില്‍ സേവന സംസ്‌കാരം പ്രചരിപ്പിക്കുക, അക്കാദമിക മുന്നേറ്റത്തിനു ആഹ്വാനം ചെയ്യുക തുടങ്ങിയവയാണ് കാരവന്റെ പൊതുവായ ലക്ഷ്യങ്ങള്‍. മതദര്‍ശനത്തിന്റെ പിന്‍ബലമുള്ള പ്രസ്ഥാനങ്ങളെ വര്‍ഗീയമെന്നും അരാഷ്ട്രീയമെന്നും മുദ്രകുത്തി അക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന മതേതര നാട്യ സംഘടനകളുടെ ശ്രമങ്ങള്‍ കാമ്പസുകളെ വര്‍ഗീയതയിലേക്കും വിഭാഗീയതയിലേക്കും നയിക്കുമെന്ന് കാരവന്‍ ഓര്‍മപ്പെടുത്തുന്നു. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാനുള്ള മതത്തിന്റെ ശേഷിയെക്കുറിച്ചുള്ള സംവാദങ്ങള്‍ കാരവന്‍ ഉയര്‍ത്തുന്നു. തികഞ്ഞ ബഹുസ്വരത നിലനില്‍ക്കുന്ന കാമ്പസുകളില്‍ എല്ലാ മതക്കാര്‍ക്കും സംഘടനകള്‍ക്കും ആശയക്കാര്‍ക്കും പ്രവര്‍ത്തിക്കാനും ആശയം കൈമാറാനും സഹിഷ്ണുതയോടും സഹവര്‍ത്തിത്തത്തോടെയും സഹവസിക്കാനുമാണ് കാരവന്‍ ആഹ്വാനം ചെയ്യുന്നത്.

ജൂണ്‍ 21 ന് കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാരംഭിച്ച കാരവന്‍ മലപ്പുറം ജില്ലയിലടക്കം പര്യടനം പൂര്‍ത്തിയാക്കി. ‘കാമ്പസ് മാനിഫെസ്റ്റോ ഫോര്‍ എ ന്യൂ വീ’ എന്ന ആശയം കമ്പസുകളുടെ പൊതുമുദ്രാവാക്യമായി മാറുകയാണ്. കാമ്പസുകളില്‍ ഏകാധിപത്യ ജന്‍മിത്വ പ്രവണതകള്‍ക്കെതിരെ ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള ആഹ്വാനമാണ് കാരവന്‍ മുഴക്കുന്നത്. കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, ശറഫ് കോളേജ് പടന്ന, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്, കൃഷ്ണമേനോന്‍ മെമ്മോറിയല്‍ കോളേജ് കണ്ണൂര്‍, ബ്രണ്ണന്‍ കോളേജ് തലശ്ശേരി, ഗവ. കോളേജ് മടപ്പള്ളി, സി.കെ.ജി മെമ്മോറിയല്‍ പേരാമ്പ്ര, സെന്റ് മേരീസ് കോളേജ് ബത്തേരി, ഡബ്ല്യു.എം.ഒ കോളേജ് മുട്ടില്‍, എം.എ.എം.ഒ കോളേജ് മണാശ്ശരി, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ജെ.ഡി.ടി, ലോ കോളേജ് കോഴിക്കോട്, ഫാറൂഖ് കോളേജ്, പി.എസ്.എം.ഒ കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, സുല്ലമുസ്സലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അരീക്കോട്, അല്‍ ജാമിഅ ശാന്തപുരം തുടങ്ങിയ കാമ്പസുകളില്‍ കാരവന് വന്‍സ്വീകരണം ലഭിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ സംബന്ധിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മൈക്കിള്‍ തരകന്‍ കാരവന്‍ മുദ്രാവാക്യമായ ‘കാമ്പസ് മാനഫെസ്റ്റോ ഫോര്‍ എ ന്യൂ വീ’ എന്നത് കാമ്പസില്‍ വിദ്യാര്‍ഥികളെ ഒന്നിപ്പിക്കുന്നതിനുള്ള ശക്തമായ മുദ്രാവാക്യമാണെന്ന് അഭിപ്രായപ്പെട്ടു. കാമ്പസുകളിലെ വിവിധ സംഘടനാ നേതാക്കള്‍ കാരവനെ അഭിവാദ്യം ചെയ്തു. അതേസമയം, കണ്ണൂര്‍ സര്‍ സയ്യിദ് കോളേജില്‍ എം.എസ്.എഫും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലും, മടപ്പള്ളി കോളേജിലും എസ്.എഫ്.ഐയും കാരവന്‍ അലങ്കോലപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. നിരവധി വാഹനങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് കാമ്പസുകളിലേക്ക് കാരവന്‍ നയിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ബഹുജനങ്ങള്‍ അണിനിരന്ന ഘോഷയാത്രയും നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയുമാണ് ഓരോ ദിവസത്തെയും പൊതുസമ്മേളനത്തിലേക്ക് കാരവന്‍ ആനയിക്കപ്പെട്ടത്. പയ്യന്നൂര്‍, കുറ്റിയാടി, കല്‍പറ്റ, രാമനാട്ടുകര, മഞ്ചേരി എന്നിവിടങ്ങളില്‍ നടന്ന പൊതുസമ്മേളനങ്ങളില്‍ പ്രമുഖര്‍ പങ്കെടുത്തു.

എസ്.ഐ.ഒ സംവേദനവേദി അവതരിപ്പിക്കുന്ന ‘കേരള കാമ്പസ് കഫെ’ എന്ന തെരുവ് നാടകം സമകാലിക കാമ്പസുകള്‍ക്ക് ദിശ നല്‍കുന്നതാണ്. മതേതര ഭീകരതയും വര്‍ഗ്ഗീയതയും നട്ടുവളര്‍ത്തി കാമ്പസുകളെ ജനാധിപത്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റിയ ജന്‍മിത്വ രാഷ്ട്രീയ സംസ്‌കാരത്തെ തൂത്തെറിയാന്‍ കേരള കാമ്പസുകള്‍ക്ക് ദിശയും ധൈര്യവും നല്‍കുന്നതാണ് കേരള കാമ്പസ് കാരവന്‍. കാമ്പസുകളില്‍ സഹിഷ്ണുതയുടെയും സംവാദത്തിന്റെയും പുതിയ ജനാധിപത്യ സംസ്‌കാരത്തിന് വഴിതെളിയിച്ച് ജൂലൈ 6ന് യൂണിവേഴ്‌സിറ്റി കോളേജില്‍ സമാപിക്കുന്ന കാരവന്‍ കേരള വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കും






കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി Campus Manifesto for a new ‘WE’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് നയിക്കുന്ന കേരള കാമ്പസ് കാരവന്‍ കാസര്‍ഗോഡ് എൽ‍.ബി.എസ് കോളേജ് പരിസരത്തുനിന്നും ഉജ്ജ്വല തുടക്കം. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി പതാക എസ്.ഐ.ഒ പ്രസിഡണ്ടിന് കൈമാറി. എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡണ്ട് കെ.കെ സുഹൈല്‍ കാരവന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ ട്രഷറര്‍ എന്‍.എ നെല്ലിക്കുത്ത്, സാഹിത്യകാരന്‍ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, സാഹിത്യവേദി പ്രസിഡണ്ട് പി.എ അഹ്മദ്, സോളിഡാരിറ്റി ജന: സെക്രട്ടറി പി.ഐ നൗഷാദ്, എസ്.ഐ.ഒ ജന: സെക്രട്ടറി എസ്. ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. കാരവന്‍ നാലാം ദിസവത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നിരവധി കാമ്പസുകളില്‍ ഉജ്ജ്വല സ്വീകരണമാണ് കാരവന് ലഭിച്ചത്. കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്, ശറഫ് കോളേജ് പടന്ന, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്, ബ്രണ്ണന്‍ കോളേജ് തലശ്ശേരി, കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജ് കണ്ണൂർ‍, മടപ്പള്ളി ഗവ: കോളേജ്, സി.കെ.ജി മെമ്മോറിയല്‍ കോളേജ് പേരാമ്പ്ര, സെന്റ് മേരീസ് കോളേജ് ബത്തേരി, ഡബ്ല്യ.എം.ഒ കോളേജ് മുട്ടിൽ‍, എം.എ.എം.ഒ കോളേജ് മണശ്ശേരി, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ലോ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ കാരവന് സ്വീകരണം ലഭിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും മടപ്പള്ളി കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകരും സര്‍ സയ്യിദ് കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തകരും കൈയ്യേറ്റം ചെയ്യാനും അലങ്കോലപ്പെടുത്താനും ശ്രമിച്ചു. കോഴിക്കോട് ലോ കോളേജില്‍ പോലീസ് ജാഥ തടഞ്ഞുവെച്ചു. പയ്യന്നൂർ‍, കുറ്റിയാടി, കല്‍പറ്റ എന്നിവിടങ്ങളില്‍ പൊതുസമ്മേളനം നടന്നു. കുറ്റിയാടിയിലെ സ്വീകരണ പരിപാടിയില്‍ ഘോഷയാത്ര, ചെണ്ടമേളം, പ്ലോട്ടുകള്‍ എന്നിവയടക്കം സ്ത്രീകളടങ്ങുന്ന വന്‍ ജനാവലി പങ്കെടുത്തു. കേരള കാരവന്‍ സംഘം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി ഡോക്ടര്‍ മൈകിള്‍ തരകനുമായി കൂടിക്കാഴ്ച നടത്തി. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാംഗം ടി.കെ അബ്ദുള്ള സാഹിബിനെ വീട്ടില്‍ ചെന്നു സന്ദര്‍ശിച്ച് ഉപഹാരം കൈമാറി

Friday, June 18, 2010

എസ്..ഒ കേരള കാമ്പസ് കാരവന്‍ 21ന് ആരംഭിക്കും.

കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ്പി.എം സാലിഹ് നയിക്കുന്ന 'കേരള കാമ്പസ് കാരവന്‍' ഈ മാസം 21ന് കാസര്‍ഗോഡ് പൌവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡന്റ് കെ.കെ സുഹൈലില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റിന് പതാക കൈമാറി ആരംഭം കുറിക്കും. കാമ്പസിലെ മതേതര ഭീകരതയെ തുറന്നുകാട്ടുക, ജനാധിപത്യ കാമ്പസിന് വേണ്ടി വിദ്യാര്‍ഥികളെ അണിനിരത്തുക, പുതിയ കാല വിദ്യാര്‍ഥി രാഷ്ട്രീയത്തെ പിന്തുണക്കുക, വിദ്യാര്‍ഥികളില്‍ സേവന സംസ്കാരം പ്രചരിപ്പിക്കുക, അക്കാദമിക മുന്നേറ്റത്തിന് ആഹ്വാനം ചെയ്യുക തുടങ്ങിയവായണ് കാരവന്റെ ലക്ഷ്യങ്ങള്‍. 'കാമ്പസ് മാനിഫെസ്റോ ഫോര്‍ എ ന്യൂ വി' എന്നതാണ് കാരവന്റെ മുദ്രാവാക്യം. കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റികളിലും 55 കാമ്പസുകളിലും കാരവന് സ്വീകരണം നല്‍കും. കാമ്പസ് കാരവന്റെ ഭാഗമായി സംവേദന വേദി ഒരുക്കുന്ന 'കേരള കാമ്പസ് കഫെ' എന്ന തെരുവ് നാടകം അരങ്ങേറും. ഓരോ ദിവസവും പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന പൊതു സമ്മേളനങ്ങളില്‍ എസ്.ഐ.ഒവിന്റെ വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും സാമൂഹ്യപ്രവര്‍ത്തകരുംപങ്കെടുക്കും. ജൂലൈ 6ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കാരവന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനം നടക്കും. കാസര്‍ഗോഡ് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍.ടി ആരിഫലി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.ഐ നൌഷാദ്, കെ.എം അഹ്മദ്, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എന്‍.എം നെല്ലിക്കുത്ത്, സാഹിത്യകാരന്‍ ഇബ്രാഹിം ബേവിഞ്ച, മുരളി മാസ്റര്‍, അമ്പലപ്പുഴ കുഞ്ഞികൃഷ്ണന്‍, എസ്.ഇര്‍ഷാദ്, ശബീന ശര്‍ഖി തുടങ്ങിയവര്‍ പങ്കെടുക്കും.

Wednesday, June 9, 2010

കേരള കാമ്പസ് കാരവന്‍

കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന കാമ്പസ്ജാഥ കാസര്‍ഗോഡില്‍ നിന്നും ആരംഭിക്കും. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെയുള്ള ഏകദേശ കാമ്പസുകളിലും മുഴുവന്‍ യൂണിവേഴ്സിറ്റികളില്‍ പര്യടനം നടത്തുന്നതായിരിക്കും കേരള കാമ്പസ് കാരവന്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പരിസരത്തുനിന്നും ആരംഭിച്ച് ജൂലൈ 6ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കുന്ന രീതിയിലാണ് കാമ്പസ് ജാഥ ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന പരിപാടി മുതലുള്ള മുഴുവന്‍ സ്വീകരണ പരിപാടികളിലുമായി ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്ന പുതിയൊരു ഫ്ളാറ്റ് ഫോമിനുള്ള ശ്രമങ്ങളാണ് കേരളത്തിലെ കാമ്പസിന് ഇതിലൂടെ നല്‍കുന്നത്. എന്ന് ജാഥയുടെ തലവാചകമായി സ്വീകരിച്ചിട്ടുള്ളത് ഈ പുതിയ രാഷ്ട്രീയ സാധ്യതയെ കൂടുതല്‍ പരിചയപ്പെടുത്താന വേണ്ടിയാണ്. സാംസ്കാരിക നായകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യം കേരള കാമ്പസ് കാരവനില്‍ ഉണ്ടാവുന്നതാണ്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹാണ് കേരള കാമ്പസ് കാരവന്റെ ക്യപ്റ്റന്‍. കലാസംഘം ജാഥയെ അനുഗമിക്കുന്നതാണ്.



Tuesday, April 6, 2010

ഡിസംബര്‍ 11ന് എസ്.ഐ.ഒ സംസ്ഥാന സമ്മേളനം മൂന്ന് സ്ഥലങ്ങളില്‍


കോഴിക്കോട്: എസ്.ഐ.ഒവിന്റെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 11ന് തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഒരേസമയം നടക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയം നടക്കുന്ന സംസ്ഥന സമ്മേളനം എന്ന ഏറ്റവും പുതിയ രീതി ഇതിലൂടെ കേരളത്തിന് എസ്.ഐ.ഒ പരിചയപ്പെടുത്തും. ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടായിരിക്കും മൂന്ന് സ്ഥലങ്ങളിലും ഒരേസമയം സമ്മേളനം സംഘടിപ്പിക്കുന്നത്. ഏറെ സര്‍ഗാത്മകമായ സംഭാവനകള്‍ കേരളീയസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും നല്‍കിയ ഈ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മറ്റൊരു അതുല്യമായ സംഭാവനയായിരിക്കും ഈ അപൂര്‍വ്വ ശൈലിയിലുള്ള അതിന്റെ സമ്മേളനം. കോഴിക്കോട് കടപ്പുറത്തും തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ മൈതാനത്തും തിരുവനന്തപുരം ചന്ദ്രശേഖര്‍ സ്റേഡിയവുമായിരിക്കും കേരളത്തിലെ വിദ്യാര്‍ഥികളുടെ ചരിത്ര സംഗമത്തിന് സാക്ഷിയാവുക. മൂന്ന് സ്ഥലങ്ങളിലായി നടക്കുന്ന വിദ്യാര്‍ഥി റാലികളില്‍ അമ്പതിനായിരം പേരും സമ്മേളനത്തില്‍ ഒരുലക്ഷം പേരും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യാഥിതി തിരുവനന്തപുരത്തു നിന്നും ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ കോഴിക്കോട് നിന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് തൃശൂരില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനങ്ങളെ ഒരേസമയം അഭിസംബോധന ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ ക്രമത്തെ സമഗ്രമായി വിലയിരുത്തുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന എജ്യുക്കേഷന്‍ കോണ്‍ഗ്രസ്, കാമ്പസുകളില്‍ രൂപപ്പെടുന്ന നവരാഷ്ട്രീയ പ്രവണതകളെ പരിചയപ്പെടുത്തുന്ന സംഗമം, സംസ്ഥാന കാമ്പസ് ജാഥ, മാഗസിന്‍ പ്രകാശനം, മെഡിക്കല്‍ പൊതുവേദി പ്രഖ്യാപനം, ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്വല്‍, ഷോര്‍ട്ട് ഫിലിം പ്രകാശനം, ഗാന കാസറ്റ് പ്രകാശനം, ടീന്‍സ്മീറ്റ്, ഹയര്‍സെക്കണ്ടറി കോണ്‍ഫറന്‍സ്, വെബ്പോര്‍ട്ടല്‍ പ്രകശനം, ദലിത് വിദ്യാര്‍ഥി ഐക്യദാര്‍ഢ്യ സമ്മേളനം, സെമിനാറുകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കര്‍മശേഷിയും ജനകീയ ഫണ്ടും ഉപയോഗിച്ചുള്ള 25 ലക്ഷം രൂപയുടെ സേവന പദ്ധതികള്‍ക്ക് മന്ത്രി എം.എ ബേബി തുടക്കം കുറിച്ചതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.