Sunday, February 14, 2010

ഉജ്ജ്വല റാലിയോടെ എസ്.ഐ.ഒ. സമ്മേളനം പ്രഖ്യാപിച്ചു


കണ്ണൂർ‍:പഠനവും സമരവും സേവനവും ജീവിത മുദ്രയാക്കുമെന്ന പ്രതിജ്ഞയോടെ നഗരത്തെ വിദ്യാര്‍ഥി റാലിയുടെ പ്രവാഹത്തില്‍ മുക്കി എസ്.ഐ.ഒ.സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു. 2010 ഡിസംമ്പര്‍ 11ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികകല്ലാവുമെന്ന് ഉദ്‌ഘോഷിക്കുന്നതാണ് എസ്.ഐ.ഒ.കണ്ണൂരില്‍ നടത്തിയ കേഡര്‍ സമ്മേളനവും പ്രഖ്യാപന റാലിയും. വിദ്യാര്‍ഥി സംഘാടനത്തില്‍ വൈകാരികതപ്പുറമുള്ള ആശയവും അച്ചടക്കവുമാണ് തങ്ങളുടെ കരുത്തെന്ന് തെളിയിക്കുന്ന മാതൃകാപരമായ അടുക്കും ചിട്ടയുമാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലിയില്‍ പ്രകടമായത്. വിദ്യാര്‍ഥികളില്‍ എസ്.ഐ.ഒ. അസാധാരണമായ സ്വീകാര്യത നേടിയെന്ന് പ്രകടനത്തിന്റെ വിദ്യാര്‍ഥി പങ്കാളിത്തം തെളിയിച്ചു.

രണ്ട് ദിവസമായി നടന്ന കേഡര്‍ സമ്മേളനത്തിന്റെ സമാപനത്തിന് ശേഷം പൊലീസ് മൈതാനിയില്‍ നിന്ന് പുറപ്പെട്ട പ്രകടനത്തിന് എസ്.ഐ.ഒ. സംസ്ഥാന ഭാരവാഹികൾ‍, സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജി.ഐ.ഒ. സംസ്ഥാന സാരഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികളും റാലിയില്‍ പ്രത്യേക ബ്ലോക്കായി അണിനിരന്നു.

സാമ്രാജ്യത്തത്തിനും, ഫാഷിസത്തിനും, ഭരണകൂട ഭീകരതക്കും, തീവ്രവാദത്തിനും, സാമൂഹിക അസമത്വത്തിനും, എതിരെ ശക്തമായ താക്കീത് ഉയര്‍ത്തുന്ന ബാനറുകള്‍ ഉയര്‍ത്തി പിടിച്ച് വിത്യസ്ത ബ്ലോക്കുകളായി ചിട്ടയോടെയാണ് പ്രകടനം നീങ്ങിയത്. രാജ്യത്തിന്റെ ബഹുസ്വരതയെ കെട്ടിയിടുന്ന വിദ്വേഷം വമിക്കുന്ന ആശയങ്ങള്‍ കാമ്പസുകളില്‍ പ്രസരിപ്പിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്ന് പ്രകടനം ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയിലെ സ്‌നേഹസമ്പര്‍ക്കത്തെ ലൗജിഹാദിന്റെ കുപ്രചാരണം വഴി തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് വിദ്യാര്‍ഥികളോട് പ്രകടനം ആഹ്വാനം ചെയ്തു. മതവര്‍ഗീയതയും, സംഘ്പരിവാര്‍ ഫാഷിസവും, രാഷ്ട്രീയ ഫാഷിസവും കാമ്പസുകളെ മലിനമാക്കുന്നത് തടയണമെന്നും റാലി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ ബുദ്ധിശൂന്യമായ പരിഷ്‌കാരങ്ങളെ ചെറുക്കുമെന്ന് റാലി താക്കീത് നല്‍കി. കണ്ടതെല്ലാം പൈങ്കിളി വാര്‍ത്തകളാക്കി സമൂഹത്തെ വഴിതെറ്റിക്കുന്ന വാര്‍ത്താ യുദ്ധങ്ങളെയും റാലി രൂക്ഷമായി വിമര്‍ശിച്ചു. ഭീകരവേട്ടയുടെ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും റാലി ആവശ്യപ്പെട്ടു.

പൊലീസ് മൈതാനിയില്‍ നിന്ന് പുറപ്പെട്ട് കാല്‍ടെക്‌സ്, താവക്കര പുതിയ സ്റ്റാന്റ്, ഫോര്‍ട്ട് റോഡ്, പഴയ ബസ്‌സ്റ്റാന്റ് വഴി പൊതുസമ്മേളന നഗരിയില്‍ സംഗമിച്ചു. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കാല്‍ടെക്‌സ് ജംങ്ക്ഷന്‍ കേന്ദ്രീകരിച്ച് പ്രകടനത്തിന് അഭിവാദ്യം നേര്‍ന്ന് ബഹുജന അകമ്പടിയായി പ്രകടനത്തിന് പിന്നില്‍ അനുഗമിച്ചു. ജമാഅത്തെ ഇസ്‌ലാമി, ജമാഅത്ത് വനിതാ പ്രവര്‍ത്തകരും റാലിക്ക് അഭിവാദ്യം അര്‍പ്പിച്ചു.

കേഡര്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സലീം പൂപ്പലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ സെഷനില്‍ ജമാഅത്ത് കേരള അമീര്‍ ടി. ആരിഫലി, വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ലോക പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അസ്സാംതമീമി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഘടനാ സെഷനില്‍ മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ന വിഷയത്തെക്കുറിച്ച് അഖിലേന്ത്യാ അസി. അമീര്‍ പ്രൊഫ.കെ.എ. സിദ്ദീഖ് ഹസന്‍ പ്രഭാഷണം നടത്തി.

ബഹുസ്വര സമ്പര്‍ക്കത്തിന്റെയും പാരസ്പര്യത്തിന്റെയും മാര്‍ഗത്തില്‍ രാജ്യത്തിന് മികച്ച സേവനം അര്‍പ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെന്ന് അഖിലേന്ത്യാ അസി.അമീര്‍ പറഞ്ഞു. കാലത്തിനനുസരിച്ച് നയം മാറ്റാത്ത ഒരു പ്രസ്ഥാനത്തിനും നിലനില്‍പില്ല. ഇസ്‌ലാമിന്റെ സര്‍വലൗകിക പ്രസക്തിയും കാലോചിതമായ നിര്‍വഹണമാണ്. ജമാഅത്ത് എന്ത് നേടി എന്ന് ചോദിക്കുന്നവര്‍ പോലും ജമാഅത്തിന്റെ പ്രവര്‍ത്തന ശൈലി കടമെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ്. രാജ്യത്തിന്റെയും, സമുദായത്തിന്റെയും പ്രതിസന്ധി ഘട്ടങ്ങളില്‍ ദിശാബോധമുള്ള കര്‍മപരിപാടിയും ആത്മവിശ്വാസവും പകര്‍ന്നു നല്‍കിയതിന്റെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇസ്‌ലാമിക ബാങ്കിംങ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ സജീവമായ ആലോചനയില്‍ അതിന് പ്രേരകമായ കര്‍മരേഖ സമര്‍പ്പിച്ച ജമാഅത്തെഇസ്‌ലാമിക്ക് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ.ഒ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് (ബംഗാൾ), സംസ്ഥാന സമിതി അംഗം കെ.നജാത്തുല്ലാഹ്, ജി.ഐ.ഒ. സംസ്ഥാന സെക്രട്ടറി ശബീന ശര്‍ഖി, എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. കേഡർ സമ്മേളന സമാപന സെഷനില്‍ പി.ബി.എം. ഫര്‍മീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെഇസ്‌ലാമി സംസ്ഥാന അസി.അമീര്‍ ശൈഖ്മുഹമ്മദ് കാരക്കുന്ന് സമാപനപ്രഭാഷണം നടത്തി. കെ.സാദിഖ് നന്ദി പറഞ്ഞു.

പൊതുസമ്മേളനം ജമാഅത്തെഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്തു. ടി. ശാക്കിര്‍ പ്രസംഗം പരിഭാഷപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി എസ്.ഐ.ഒ.സമ്മേളന പ്രഖ്യാപനം നടത്തി. എസ്.ഐ.ഒ. അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ.സുഹൈൽ‍, ജി.ഐ.ഒ.സംസ്ഥാന പ്രസിഡന്റ് കെ.കെ.റഹീന, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്’മാന്‍, അഖിലേന്ത്യാ അസി. അമീര്‍ പ്രൊഫ.കെ.എ. സിദ്ദീഖ് ഹസന്‍, എന്നിവര്‍ പ്രസംഗിച്ചു. എസ്.ഐ.ഒ.സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് സ്വാഗതവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫൈസല്‍ നന്ദിയും പറഞ്ഞു.


No comments:

Post a Comment