കോഴിക്കോട്: ഞങ്ങള്‍ക്ക് ആധിപത്യമുള്ള കാമ്പസില്‍ ഞങ്ങള്‍ മതി, മറ്റൊരു സംഘടനയുടെ പ്രവര്‍ത്തനവും പാടില്ല, മറ്റാരും ബോര്‍ഡും ബാനറും വെക്കരുത്, നോട്ടീസും മെമ്പര്‍ഷിപ്പ് കാര്‍ഡും വിതരണം ചെയ്യരുത്, യോഗം ചേരരുത്, ആശയം പ്രചരിപ്പിക്കരുത്, ഇലക്ഷനില്‍ മത്സരിക്കരുത്. ജനാധിപത്യ കേരളത്തിലെ കാമ്പസുകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഏകാധിപത്യ ജന്മിത്വ സംസ്‌കാരത്തിന്റെ നേര്‍കാഴ്ച്ചകളാണ് മുകളില്‍ സൂചിപ്പിച്ചത്. വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ പേരില്‍ അക്രമരാഷ്ട്രീയവും ക്രിമിനലിസവും അരങ്ങുവാഴുന്ന കേരള കാമ്പസുകളില്‍ ഐക്യാഹ്വാനം തീര്‍ത്തുകൊണ്ട് എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് നയിക്കുന്ന കേരള കാമ്പസ് കാരവന്‍ കാമ്പസുകളിലൂടെ മുന്നേറുകയാണ്. കാമ്പസുകളിലെ മതേതര ഭീകരതയെ തുറന്നുകാട്ടുക, ജമാധിപത്യ കാമ്പസിന് വിദ്യാര്‍ഥികളെ അണിനിരത്തുക, പുതിയകാല വിദ്യാര്‍ഥിരാഷ്ട്രീയത്തെയും ജനകീയ മുന്നേറ്റങ്ങളെയും പിന്തുണക്കുക, അക്രമ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സംവാദത്തിന്റെയും സഹിഷ്ണുതയുടെയും സംസ്‌കാരം പരിചയപ്പെടുത്തുക, വിദ്യാര്‍ഥികളെയും കാമ്പസുകളെയും അരാഷ്ട്രീയ വല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചെറുക്കുക, വിദ്യാര്‍ഥികളില്‍ സേവന സംസ്‌കാരം പ്രചരിപ്പിക്കുക, അക്കാദമിക മുന്നേറ്റത്തിനു ആഹ്വാനം ചെയ്യുക തുടങ്ങിയവയാണ് കാരവന്റെ പൊതുവായ ലക്ഷ്യങ്ങള്‍. മതദര്‍ശനത്തിന്റെ പിന്‍ബലമുള്ള പ്രസ്ഥാനങ്ങളെ വര്‍ഗീയമെന്നും അരാഷ്ട്രീയമെന്നും മുദ്രകുത്തി അക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന മതേതര നാട്യ സംഘടനകളുടെ ശ്രമങ്ങള്‍ കാമ്പസുകളെ വര്‍ഗീയതയിലേക്കും വിഭാഗീയതയിലേക്കും നയിക്കുമെന്ന് കാരവന്‍ ഓര്‍മപ്പെടുത്തുന്നു. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാനുള്ള മതത്തിന്റെ ശേഷിയെക്കുറിച്ചുള്ള സംവാദങ്ങള്‍ കാരവന്‍ ഉയര്‍ത്തുന്നു. തികഞ്ഞ ബഹുസ്വരത നിലനില്‍ക്കുന്ന കാമ്പസുകളില്‍ എല്ലാ മതക്കാര്‍ക്കും സംഘടനകള്‍ക്കും ആശയക്കാര്‍ക്കും പ്രവര്‍ത്തിക്കാനും ആശയം കൈമാറാനും സഹിഷ്ണുതയോടും സഹവര്‍ത്തിത്തത്തോടെയും സഹവസിക്കാനുമാണ് കാരവന്‍ ആഹ്വാനം ചെയ്യുന്നത്.
ജൂണ്‍ 21 ന് കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാരംഭിച്ച കാരവന്‍ മലപ്പുറം ജില്ലയിലടക്കം പര്യടനം പൂര്‍ത്തിയാക്കി. ‘കാമ്പസ് മാനിഫെസ്റ്റോ ഫോര്‍ എ ന്യൂ വീ’ എന്ന ആശയം കമ്പസുകളുടെ പൊതുമുദ്രാവാക്യമായി മാറുകയാണ്. കാമ്പസുകളില്‍ ഏകാധിപത്യ ജന്‍മിത്വ പ്രവണതകള്‍ക്കെതിരെ ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള ആഹ്വാനമാണ് കാരവന്‍ മുഴക്കുന്നത്. കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, ശറഫ് കോളേജ് പടന്ന, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്, കൃഷ്ണമേനോന്‍ മെമ്മോറിയല്‍ കോളേജ് കണ്ണൂര്‍, ബ്രണ്ണന്‍ കോളേജ് തലശ്ശേരി, ഗവ. കോളേജ് മടപ്പള്ളി, സി.കെ.ജി മെമ്മോറിയല്‍ പേരാമ്പ്ര, സെന്റ് മേരീസ് കോളേജ് ബത്തേരി, ഡബ്ല്യു.എം.ഒ കോളേജ് മുട്ടില്‍, എം.എ.എം.ഒ കോളേജ് മണാശ്ശരി, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ജെ.ഡി.ടി, ലോ കോളേജ് കോഴിക്കോട്, ഫാറൂഖ് കോളേജ്, പി.എസ്.എം.ഒ കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, സുല്ലമുസ്സലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അരീക്കോട്, അല്‍ ജാമിഅ ശാന്തപുരം തുടങ്ങിയ കാമ്പസുകളില്‍ കാരവന് വന്‍സ്വീകരണം ലഭിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ സംബന്ധിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മൈക്കിള്‍ തരകന്‍ കാരവന്‍ മുദ്രാവാക്യമായ ‘കാമ്പസ് മാനഫെസ്റ്റോ ഫോര്‍ എ ന്യൂ വീ’ എന്നത് കാമ്പസില്‍ വിദ്യാര്‍ഥികളെ ഒന്നിപ്പിക്കുന്നതിനുള്ള ശക്തമായ മുദ്രാവാക്യമാണെന്ന് അഭിപ്രായപ്പെട്ടു. കാമ്പസുകളിലെ വിവിധ സംഘടനാ നേതാക്കള്‍ കാരവനെ അഭിവാദ്യം ചെയ്തു. അതേസമയം, കണ്ണൂര്‍ സര്‍ സയ്യിദ് കോളേജില്‍ എം.എസ്.എഫും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലും, മടപ്പള്ളി കോളേജിലും എസ്.എഫ്.ഐയും കാരവന്‍ അലങ്കോലപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. നിരവധി വാഹനങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് കാമ്പസുകളിലേക്ക് കാരവന്‍ നയിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ബഹുജനങ്ങള്‍ അണിനിരന്ന ഘോഷയാത്രയും നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയുമാണ് ഓരോ ദിവസത്തെയും പൊതുസമ്മേളനത്തിലേക്ക് കാരവന്‍ ആനയിക്കപ്പെട്ടത്. പയ്യന്നൂര്‍, കുറ്റിയാടി, കല്‍പറ്റ, രാമനാട്ടുകര, മഞ്ചേരി എന്നിവിടങ്ങളില്‍ നടന്ന പൊതുസമ്മേളനങ്ങളില്‍ പ്രമുഖര്‍ പങ്കെടുത്തു.
എസ്.ഐ.ഒ സംവേദനവേദി അവതരിപ്പിക്കുന്ന ‘കേരള കാമ്പസ് കഫെ’ എന്ന തെരുവ് നാടകം സമകാലിക കാമ്പസുകള്‍ക്ക് ദിശ നല്‍കുന്നതാണ്. മതേതര ഭീകരതയും വര്‍ഗ്ഗീയതയും നട്ടുവളര്‍ത്തി കാമ്പസുകളെ ജനാധിപത്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റിയ ജന്‍മിത്വ രാഷ്ട്രീയ സംസ്‌കാരത്തെ തൂത്തെറിയാന്‍ കേരള കാമ്പസുകള്‍ക്ക് ദിശയും ധൈര്യവും നല്‍കുന്നതാണ് കേരള കാമ്പസ് കാരവന്‍. കാമ്പസുകളില്‍ സഹിഷ്ണുതയുടെയും സംവാദത്തിന്റെയും പുതിയ ജനാധിപത്യ സംസ്‌കാരത്തിന് വഴിതെളിയിച്ച് ജൂലൈ 6ന് യൂണിവേഴ്‌സിറ്റി കോളേജില്‍ സമാപിക്കുന്ന കാരവന്‍ കേരള വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കും
No comments:
Post a Comment